കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഒന്നാം പതിപ്പിൽ കൊല്ലം സെയ്ലേഴ്സ് കിരീടം സ്വന്തമാക്കി. ആവേശകരമായ ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ തോൽപ്പിച്ച് ആണ് കൊല്ലം കിരീടം നേടിയത്. 19.1 ഓവറിൽ 214 റൺസ് എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന ഏരീസ് കൊല്ലം സെയിലേഴ്‌സ് 6 വിക്കറ്റിന് ആണ് വിജയിച്ചത്.
രോഹൻ കുന്നുമ്മൽ (26 പന്തിൽ 51), അഖിൽ സ്കറിയ (30 പന്തിൽ 50) എന്നിവരുടെ കരുത്തുറ്റ സംഭാവനകൾക്കൊപ്പം 24 പന്തിൽ 56 റൺസെടുത്ത എം അജ്നാസിൻ്റെ കൂടെ മികവിലാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് തങ്ങളുടെ 20 ഓവറിൽ 213/6 എന്ന മികച്ച സ്കോർ പടുത്തുയർത്തിയത്. ഏരീസ് കൊല്ലം സെയിലേഴ്സിനായി എസ് മിഥുൻ (2/42), എ ജി അമൽ (2/18) എന്നിവർ മികച്ച ബൗളിംഗ് കാഴ്ചവെച്ചു.
മറുപടിയായി, 54 പന്തിൽ 8 ബൗണ്ടറിയും 7 സിക്സും ഉൾപ്പെടെ 105* അടിച്ചുകൂട്ടിയ സച്ചിൻ ബേബിയുടെ തകർപ്പൻ പ്രകടനമാണ് ഏരീസ് കൊല്ലം സെയിലേഴ്സിന് കരുത്തായത്. 27 പന്തിൽ 45 റൺസുമായി വത്സൽ ഗോവിന്ദ് വിലപ്പെട്ട പിന്തുണ നൽകി. തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടമായെങ്കിലും, ബേബിയുടെ മാസ്റ്റർക്ലാസ് ഏരീസ് കൊല്ലം സെയിലേഴ്സിനെ അവിസ്മരണീയമായ വിജയത്തിലേക്ക് നയിച്ചു, ടീം 19.1 ഓവറിൽ 214/4 എന്ന ലക്ഷ്യത്തിൽ എത്തി.