കേരള ക്രിക്കറ്റ് ലീഗ് 2025 ഫൈനലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ 75 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ് കിരീടം സ്വന്തമാക്കി. ഇന്ന് കൊച്ചി ഉയർത്തിയ 182 എന്ന ലക്ഷ്യം പിന്തുടർന്ന കൊല്ലം സൈലേഴ്സ് ബാറ്റിങ് തകർച്ച തന്നെ നേരിട്ടു. അവർ 106 റൺസ് മാത്രമാണ് എടുത്തത്.

17 റൺസ് എടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബി, 10 റൺസ് എടുത്ത വിഷ്ണു വിനോദ് എന്നിവർ നിരാശപ്പെടുത്തിയതോടെ കൊല്ലം തകർന്നു. അവർ 9 ഓവറിൽ 75-7 എന്ന നിലയിലേക്ക് കൂപ്പുകുത്തി. അവിടെ നിന്ന് ഒരു തിരിച്ചുവരവ് അസാധ്യമായിരുന്നു.
നേരത്തെ ആദ്യം ബാറ്റു ചെയ്ത കൊച്ചി 20 ഓവറിൽ 8 വിക്കറ്റിന് 181 റൺസ് നേടി. 30 പന്തിൽ 70 റൺസ് നേടിയ വിനൂപ് മനോഹരന്റെ തകർപ്പൻ പ്രകടനമാണ് കൊച്ചി ഇന്നിങ്സിന്റെ പ്രധാന ആകർഷണം. 9 ഫോറുകളും 4 സിക്സറുകളും അടങ്ങിയതായിരുന്നു വിനൂപിന്റെ ഇന്നിങ്സ്. 233.33 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ കളിച്ച വിനൂപ്, ടീമിന് മികച്ച സ്കോർ സമ്മാനിച്ചു.

ഇടയ്ക്ക് വിക്കറ്റുകൾ നഷ്ടമായെങ്കിലും അൽഫി ഫ്രാൻസിസ് ജോണിന്റെ 25 പന്തിൽ 47 റൺസ് എന്ന വെടിക്കെട്ട് പ്രകടനം ടീമിന് താങ്ങായി. മധ്യ ഓവറുകളിലും അവസാന ഓവറുകളിലും ആൽഫി മികച്ച പ്രകടനം പുറത്തെടുത്തു. 3 സിക്സും 5 ഫോറും അടങ്ങുന്നത് ആയിരുന്നു ആൽഫിയുടെ ഇന്നിംഗ്സ്.