കേരള ക്രിക്കറ്റ് ലീഗ് 2025-ലെ എട്ടാം മത്സരത്തിൽ ആവേശകരമായ പോരാട്ടത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വിജയം. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊല്ലം സെയിലർസിനെതിരെയാണ് ടൈഗേഴ്സിൻ്റെ വിജയം. സെയിലർസ് മുന്നോട്ടുവച്ച 237 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ടൈഗേഴ്സിന് അവസാന പന്തിൽ വിജയിക്കാൻ വേണ്ടിയിരുന്നത് 6 റൺസാണ്. സമ്മർദ്ദം നിറഞ്ഞ ആ നിമിഷം, ആഷിഖ് ഒരു തകർപ്പൻ സിക്സർ അടിച്ച് ടീമിനെ വിജയത്തിലെത്തിച്ചു.

വിഷ്ണു വിനോദിന്റെയും (41 പന്തിൽ 94 റൺസ്) ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും (44 പന്തിൽ 91 റൺസ്) വെടിക്കെട്ട് ബാറ്റിംഗാണ് സെയിലർസിനെ 236 റൺസിലെത്തിച്ചത്.
മറുപടി ബാറ്റിംഗിൽ 51 പന്തിൽ 121 റൺസ് നേടിയ സഞ്ജു സാംസണാണ് ടൈഗേഴ്സിൻ്റെ വിജയശിൽപി. 14 ഫോറുകളും 7 സിക്സറുകളും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നു. മുഹമ്മദ് ആശിഖ് (45*), മുഹമ്മദ് ഷാനു (39) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന അഞ്ച് ഓവറുകളിൽ വിജയിക്കാൻ വലിയ റൺറേറ്റ് ആവശ്യമായിരുന്നു. ആഷിഖും ആൽഫി ഫ്രാൻസിസും അവസാനം അതിവേഗത്തിൽ റൺസുകൾ നേടി. അവസാന പന്തിൽ 6 റൺസ് വേണ്ടപ്പോൾ ആഷിഖ് ഷറഫുദ്ദീനെ സി ക്സറടിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സിന് 4 വിക്കറ്റിന്റെ ആവേശകരമായ വിജയം സമ്മാനിച്ചു.
ഈ വിജയത്തോടെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ലീഗിന് മൂന്നിൽ മൂന്ന് വിജയമായി.