കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരെ മൂന്ന് വിക്കറ്റ് വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

Newsroom

Img 20250902 Wa0002
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം: കെസിഎല്ലിൽ വിജയം തുടർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ മൂന്ന് വിക്കറ്റിനാണ് കൊച്ചി തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി അവസാന ഓവറിൽ ലക്ഷ്യത്തിലെത്തി. 45 റൺസുമായി കൊച്ചിയുടെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച ജിഷ്ണുവാണ് പ്ലെയർ ഓഫ് ദി മാച്ച്.

1000257160

ചില മാറ്റങ്ങളോടെയാണ് ഇരു ടീമുകളും കളിക്കാനിറങ്ങിയത്. കാലിക്കറ്റിന് വേണ്ടി അമീർ ഷായും അഭിറാമും കൊച്ചിയ്ക്കായി ജിഷ്ണുവും അനൂപും അവസാന ഇലവനിൽ സ്ഥാനം പിടിച്ചു. രോഹൻ കുന്നുമ്മലിനൊപ്പം ഇന്നിങ്സ് തുറന്ന അമീർഷാ ടീമിന് മികച്ച തുടക്കം സമ്മാനിക്കുകയും ചെയ്തു.മറുവശത്ത് രോഹനും തകർത്തടിച്ചു. മൂന്നാം ഓവറിൽ തുടരെ മൂന്ന് ഫോറുകൾ നേടിയ രോഹൻ അടുത്ത ഓവറിൽ നാല് പന്തുകൾ അതിർത്തി കടത്തി. നാലാം ഓവറിൽ തന്നെ കാലിക്കറ്റ് സ്കോർ 50 പിന്നിട്ടു.

എന്നാൽ സ്കോർ 64ൽ നില്ക്കെ മൂന്ന് വിക്കറ്റുകൾ വീണത് കാലിക്കറ്റിന് തിരിച്ചടിയായി. അമീർഷാ 28ഉം രോഹൻ36ഉം റൺസ് നേടി മടങ്ങി.തുടർന്നെത്തിയ അഖിൽ സ്കറിയ ആദ്യ പന്തിൽ തന്നെ പുറത്തായി. വെറും 13 പന്തുകളിൽ നിന്നായിരുന്നു രോഹൻ 36 റൺസ് നേടിയത്. അഞ്ചാം വിക്കറ്റിൽ അജ്നാസും അൻഫലും ചേർന്ന് നേടിയ 50 റൺസാണ് കാലിക്കറ്റിന് ഭേദപ്പെട്ട സ്കോർ നല്കിയത്. അജ്നാസ് 22ഉം അൻഫൽ 38ഉം റൺസ് നേടി. സച്ചിൻ സുരേഷ് 10 പന്തുകളിൽ നിന്ന് 18 റൺസെടുത്തു. കൊച്ചിയ്ക്ക് വേണ്ടി പി എസ് ജെറിനും പി കെ മിഥുനും ജോബിൻ ജോബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സഞ്ജുവിൻ്റെ അഭാവത്തിൽ വിനൂപ് മനോഹരനൊപ്പം കൊച്ചിയുടെ ഇന്നിങ്സ് തുറന്നത് ജിഷ്ണുവാണ്. 14 പന്തുകളിൽ 30 റൺസുമായി വിനൂപ് മനോഹരൻ മടങ്ങി.എന്നാൽ മറുവശത്ത് ബാറ്റിങ് തുടർന്ന ജിഷ്ണു മികച്ച ഇന്നിങ്സ് കാഴ്ചവച്ചു. 29 പന്തുകളിൽ 45 റൺസ് നേടിയാണ് ജിഷ്ണു മടങ്ങിയത്. മികച്ച റൺറേറ്റോടെ മുന്നേറിയ കൊച്ചി അനായാസ വിജയത്തിലേക്കെന്ന് തോന്നിച്ചെങ്കിലും തുടരെ വിക്കറ്റുകൾ വീഴ്ത്തി കാലിക്കറ്റ് മല്സരത്തിലേക്ക് തിരിച്ചെത്തി.

18ആം ഓവറിൽ പി കെ മിഥുനെയും ആൽഫി ഫ്രാൻസിസ് ജോണിനെയും അഖിൽ സ്കറിയ പുറത്താക്കിയതോടെ ആവേശം അവസാന ഓവറുകളിലക്ക് നീണ്ടു. എന്നാൽ മനസ്സാനിധ്യത്തോടെ ബാറ്റ് വീശിയ ക്യാപ്റ്റൻ സാലി സാംസനും ജോബിൻ ജോബിയും ചേർന്ന് മൂന്ന് പന്തുകൾ ബാക്കി നില്ക്കെ കൊച്ചിയെ ലക്ഷ്യത്തിലെത്തിച്ചു. സാലി സാംസൻ 22 റൺസും ജോബിൻ ജോബി 12 റൺസും നേടി പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി അഖിൽ സ്കറിയ മൂന്നും എസ് മിഥുൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.