ആലപ്പി റിപ്പിൾസിനെ 34 റൺസിന് കീഴടക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

Newsroom

Picsart 25 08 23 19 47 28 884
Download the Fanport app now!
Appstore Badge
Google Play Badge 1

കെസിഎല്ലിൽ തുടർച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 34 റൺസിനാണ് ആലപ്പി റിപ്പിൾസിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി റിപ്പിൾസ് 19.2 ഓവറിൽ 149 റൺസിന് ഓൾ ഔട്ടായി. കൊച്ചിയ്ക്ക് വേണ്ടി നാല് വിക്കറ്റ് വീഴത്തിയ മൊഹമ്മദ് ആഷിഖാണ് പ്ലെയർ ഓഫ് ദി മാച്ച്.

1000250325

ഇന്നിങ്സിൻ്റെ തുടക്കവും ഒടുക്കവും ഗംഭീരമായപ്പോൾ കൂറ്റൻ സ്കോറാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആലപ്പി റിപ്പിൾസിന് മുന്നിൽ വച്ചത്. മുൻനിരയിൽ വിനൂപ് മനോഹരനും വാലറ്റത്ത് ആൽഫി ഫ്രാൻസിസുമാണ് കൂറ്റനടികളിലൂടെ കൊച്ചിയുടെ സ്കോർ ഉയർത്തിയത്. വിപുൽ ശക്തി ആയിരുന്നു വിനൂപിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്. എന്നാൽ വിപുലിനെ വെറും കാഴ്ചക്കാരനാക്കി തുടക്കം മുതൽ വിനൂപ് തകർത്തടിച്ചു. ഓവറിൽ 12 റൺസിലും കൂടുതൽ ശരാശരിയിലാണ് കൊച്ചിയുടെ ഇന്നിങ്സ് മുന്നോട്ടു നീങ്ങിയത്. 11 റൺസെടുത്ത വിപുൽ ശക്തിയെ നാലാം ഓവറിൽ വിഘ്നേഷ് പുത്തൂർ പുറത്താക്കി. തുടർന്നെത്തിയ മുഹമ്മദ് ഷാനു മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അഞ്ച് പന്തുകളിൽ നിന്ന് 15 റൺസുമായി മടങ്ങി. ക്യാപ്റ്റൻ സാലി സാംസൻ്റെയായിരുന്നു അടുത്ത ഊഴം. ആദ്യ പന്തിൽ തന്നെ സിക്സുമായാണ് സാലി തുടങ്ങിയതെങ്കിലും മൂന്നാം പന്തിൽ ക്ലീൻ ബൌൾഡായി മടങ്ങി. ഇരുവരെയും അക്ഷയ് ചന്ദ്രനായിരുന്നു പുറത്താക്കിയത്. കെ ജെ രാകേഷ്, സഞ്ജു സാംസൻ, നിഖിൽ തോട്ടത്ത് എന്നിവരും കാര്യമായ സംഭാനകളില്ലാതെ മടങ്ങി. 13 റൺസെടുത്ത സഞ്ജു സാംസനെ ജലജ് സക്സേനയാണ് പുറത്താക്കിയത്. തുടരെ വീണ വിക്കറ്റുകൾ കൊച്ചിയുടെ റൺറേറ്റിനെയും ബാധിച്ചു. ശരാശരി സ്കോറിൽ ഒതുങ്ങുമെന്ന് തോന്നിച്ച കൊച്ചിയുടെ ഇന്നിങ്സിനെ 183 വരെയെത്തിച്ചത് ആൽഫി ഫ്രാൻസിസിൻ്റെ ഉദജ്ജ്വല ഇന്നിങ്സാണ്. 13 പന്തുകളിൽ ഒരു ഫോറും നാല് സിക്സുമടക്കം 31 റൺസുമായി ആൽഫി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ശ്രീഹരി എസ് നായരും, അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പിയ്ക്ക് അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും ചേർന്ന് ഭേദപ്പെട്ട തുടക്കം നല്കി. എന്നാൽ സ്കോർ 43ൽ നില്ക്കെ ജലജ് സക്സേനയെ ക്ലീൻ ബൌൾഡാക്കി കെ എം ആസിഫ് കൊച്ചിക്ക് ആദ്യ ബ്രേക് ത്രൂ നല്കി. ജലജ് സക്സേന 16 റൺസെടുത്തു. 11 റൺസെടുത്ത മുഹമ്മദ് അസറുദ്ദീനെ ആൽഫി ഫ്രാൻസിസും 33 റൺസെടുത്ത അക്ഷയ് ചന്ദ്രനെ വിനൂപ് മനോഹരനും പുറത്താക്കിയതോടെ ആലപ്പിയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഇടയ്ക്ക് മികച്ച ഷോട്ടുകളുമായി അഭിഷേക് പി നായർ പ്രതീക്ഷ നല്കിയെങ്കിലും ആസിഫിൻ്റെ പന്തിൽ പുറത്തായി. 13 പന്തുകളിൽ നിന്ന് നാല് ഫോറടക്കം 29 റൺസാണ് അഭിഷേക് നേടിയത്. തൊട്ടടുത്ത ഓവറിൽ അനൂജ് ജോതിനെയും അക്ഷയ് ടി കെയെയും ബാലു ബാബുവിനെയും പുറത്താക്കി മൊഹമ്മദ് ആഷിഖ് ആലപ്പിയുടെ ശേഷിക്കുന്ന പ്രതീക്ഷകൾ കൂടി തല്ലിക്കെടുത്തി. തുടർന്നും വിക്കറ്റുകൾ മുറയ്ക്ക് വീണതോടെ 149 റൺസിന് ആലപ്പിയുടെ ഇന്നിങ്സിന് അവസാനമായി. കൊച്ചിയ്ക്ക് വേണ്ടി കെ എം ആസിഫും മൊഹമ്മദ് ആഷിക്കും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി. ഈ സീസണിൽ രണ്ട് വിജയങ്ങളുമായി കൊച്ചി പോയിൻ്റ് പട്ടികയിൽ മുന്നിലുണ്ട്.