കൊല്ലം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന കാന്റര്‍ വാന്‍ ട്രോഫി ടൂര്‍ കൊല്ലം ജില്ലയില്‍ പ്രവേശിച്ചു. ഓച്ചിറ ക്ഷേത്രം ഗ്രൗണ്ടില്‍ നിന്നും ഫ്‌ലാഗ് ഓഫ് ചെയ്തു തുടക്കം കുറിച്ച യാത്ര നാലു ദിവസം ജില്ലയില്‍ ഉടനീളം പര്യടനം നടത്തും.
ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ സുജാതന്‍പിള്ള, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം റിസീവര്‍ അഡ്വ. രമണന്‍ പിള്ള, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കല്‍ മജീദ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് ടീം സിഇഒ ഡോ. എന്‍. പ്രഭിരാജ് , ടീം സഹ ഉടമ ദീപ പ്രഭിരാജ്, കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ അംഗം ആര്‍ അരുണ്‍ കുമാര്‍,എസ് ബി ഐ മാനേജര്‍ ശ്രീകാന്ത് റ്റി, കൊല്ലം ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് എന്‍ . എസ് അജയകുമാര്‍, കൊല്ലം ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രീകാന്ത് എസ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു.
ലഹരിക്കെതിരെയുള്ള സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പര്യടനം നടത്തുന്നത്. ലഹരിയുടെ ഉപയോഗം സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന കാലത്ത് ഇത്തരം യാത്രകള്‍ സമൂഹത്തിന് മികച്ച സന്ദേശം പകര്‍ന്നു നല്‍കുമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ റെജി ഫോട്ടോ പാര്‍ക്ക്, കൗണ്‍സിലര്‍ ബീന ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടീമിന്റെ ഭാഗമായ കൊല്ലം ജില്ലയില്‍ നിന്നുള്ള താരങ്ങളായ അതുല്‍ജിത്ത്, രാഹുല്‍ ശര്‍മ , അമല്‍ എ. ജി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആദ്യദിനം കരുനാഗപ്പള്ളി ബോയ്‌സ് ഹൈസ്‌കൂള്‍, ബിഷപ്പ് ജെറോം നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ ആശ്രമം മൈതാനം, കൊല്ലം ബീച്ച്, കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ്, ലാല്‍ ബഹദൂര്‍ സ്റ്റേഡിയം, വിവിധ സ്‌കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിപാടികള്‍ നടക്കും.