നവ്യാനുഭവമായി കെസിഎൽ ടീം ലോഞ്ച്; ഭാഗ്യചിഹ്നങ്ങൾക്ക് പേരായി

Newsroom

Picsart 25 08 16 23 28 21 469
Download the Fanport app now!
Appstore Badge
Google Play Badge 1

കൊമ്പൻ വീരു, വേഴാമ്പൽ ചാരു ; കെസിഎൽ ഭാഗ്യചിഹ്നങ്ങൾക്ക് പേര് നൽകിയത് പൊതുജനങ്ങൾ

തിരുവനന്തപുരം: സം​ഗീതനിശയുടെ അകമ്പടിയോടെ കേരളത്തിന്റെ ക്രിക്കറ്റ് ഉത്സവമായ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം പതിപ്പിന്റെ ഭാ​ഗമായി തിരുവനന്തപുരം നിശാ​ഗന്ധിയിൽ നടന്ന ടീമുകളുടെ ഔദ്യോഗിക ലോഞ്ച് ആരാധകർക്ക് നവ്യാനുഭവമായി. പൊതുജനങ്ങൾ നിർദ്ദേശിച്ച പേരുകളിൽ നിന്ന് ഭാഗ്യചിഹ്നങ്ങളുടെ പേര് പ്രഖ്യാപനമായിരുന്നു ചടങ്ങിന്റെ മുഖ്യ ആകർഷണം.

1000246260

പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നൂറുകണക്കിന് പേരുകളിൽ നിന്നാണ് അന്തിമമായി പേരുകൾ തിരഞ്ഞെടുത്തത്. ബാറ്റേന്തിയ കൊമ്പൻ ഇനി ‘വീരു’ എന്നും, മലമുഴക്കി വേഴാമ്പൽ ‘ ചാരു’ എന്നും, അറിയപ്പെടും. പ്രൗഢ ഗംഭീര ചടങ്ങിൽ കാണികളുടെയും തേർഡ് അമ്പയറിൻ്റെയും പ്രതീകമായ ചാക്യാരാണ് പേര് പ്രഖ്യാപിച്ചത്.

വേഴാമ്പലിനായി ചാരു, മിന്നു, ചിക്കു എന്നീ പേരുകളും കൊമ്പനുവേണ്ടി വീരു, അച്ചു, ചിന്നൻ എന്നീ പേരുകളുമാണ് ഏറ്റവുമധികം പേർ നിർദേശിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പോൾ ലഭിച്ച പേരുകളാണ് ഭാ​ഗ്യചിഹ്നങ്ങൾക്ക് നൽകിയത്. മത്സര പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ ലഭിച്ചത് മികച്ച പ്രതികരണമായിരുന്നു. പ്രായഭേദമന്യേ എല്ലാവരും മത്സരത്തിന്റെ ഭാ​ഗമായി. വിജയികളുടെ പേര് കെ സിഎൽ സോഷ്യൽ മീഡിയ പേജിലൂടെ പ്രഖ്യാപിക്കും.

ലീഗിലെ ടീമുകളുടെ കരുത്തും മത്സരവീര്യവും പ്രതിനിധീകരിക്കുന്നതാണ് ബാറ്റേന്തിയ കൊമ്പനായ വീരു. കെസിഎല്ലിന്റെ ആവേശം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളിലേക്ക് എത്തുമെന്ന സന്ദേശമാണ് വേഴാമ്പൽ ചാരു നൽകുന്നത്. പുതിയ താരങ്ങളെ വാർത്തെടുക്കുകയെന്ന ലീഗിന്റെ ലക്ഷ്യവും ചിഹ്നം സൂചിപ്പിക്കുന്നുണ്ട്. കളിക്കളത്തിലെ നീക്കങ്ങളെ നർമ്മത്തോടെ കാണുന്ന കാണിയുടെ പ്രതീകമാണ് ചാക്യാർ.

ചടങ്ങിൽ കെസിഎൽ ​ഗവേണിങ് ചെയർമാൻ നാസർ മച്ചാൻ, കെസിഎൽ ട്രോഫി യോടൊപ്പം ആറ് ടീമുകളുടെയും നായകന്മാരെ പരിചയപ്പെടുത്തി. ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാർ, കെസിഎ സി.ഇ.ഒ മിനു ചിദംബരം, മുൻ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായർ, കെസിഎയുടെ മറ്റു ഭാരവാഹികൾ, കെസിഎ മെമ്പേഴ്സ്, ടീം ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പ്രശസ്ത ഗായകരായ വിധു പ്രതാപും അപർണ ബാലമുരളിയും ചേർന്നൊരുക്കിയ സംഗീത നിശയും അരങ്ങേരി. വരും ദിവസങ്ങളിൽ അരങ്ങേറാനിരിക്കുന്ന ക്രിക്കറ്റ് പൂരത്തിന്റെ ആവേശം വാനോളമുയർത്തിയാണ് ടീം ലോഞ്ചിന് തിരശ്ശീല വീണത്.