കെസിഎൽ സീസണ്‍2: ടീമുകളിൽ ഇടം നേടിയവരില്‍ പത്തനംതിട്ടയില്‍ നിന്നുള്ള ആറ് താരങ്ങള്‍

Newsroom

Picsart 25 07 16 17 25 48 375
Download the Fanport app now!
Appstore Badge
Google Play Badge 1

പത്തനംതിട്ട: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പില്‍ പത്തനംതിട്ടയില്‍ നിന്നുള്ള ആറ് താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങും. കേരള ടീമിലെ സ്ഥിരസാന്നിധ്യവും ഐപിഎല്‍ താരവുമായ വിഷ്ണു വിനോദ്, എസ് സുബിന്‍, ആല്‍ഫി ഫ്രാന്‍സിസ്, കെ ജെ രാകേഷ്, മോനു കൃഷ്ണ, ഷൈന്‍ ജോണ്‍ ജേക്കബ് എന്നിവരാണ് ഇത്തവണ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്ന ജില്ലയില്‍ നിന്നുള്ള താരങ്ങള്‍. കെസിഎ ടൂര്‍ണ്ണമെന്റുകളിലും ക്ലബ്ബ് ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവച്ചാല്‍, അവസരങ്ങള്‍ പടിവാതില്ക്കലുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.

സഞ്ജു സാംസണ്‍ കഴിഞ്ഞാല്‍ ഇത്തവണ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന താരങ്ങളില്‍ ഒരാളാണ് വിഷ്ണു വിനോദ്. ഏരീസ് കൊല്ലം സെയിലേഴ്‌സ് 12.80 ലക്ഷം രൂപയ്ക്കാണ് വിഷ്ണുവിനെ സ്വന്തമാക്കിയത്. ഒറ്റയ്ക്ക് കളിയുടെ ഗതി തിരിക്കാന്‍ കെല്പുള്ള വിഷ്ണുവിനായി വലിയ മത്സരമായിരുന്നു ലേലത്തിനിടെ നടന്നത്. ഐപിഎല്ലില്‍ ബാംഗ്ലൂര്‍, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, പഞ്ചാബ് ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള വിഷ്ണു ട്വന്റി 20 ഫോര്‍മാറ്റിന് യോജിച്ച ബാറ്റര്‍ കൂടിയാണ്. ഇത്തവണ ലേലത്തിന് ലിസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഏറ്റവും പ്രായം കൂടിയ താരമായിരുന്നു കെ ജെ രാകേഷ്. കേരള ടീമംഗവും പിന്നീട് സെലക്ടറുമായിരുന്ന രാകേഷ് കളിയോടുള്ള അടങ്ങാത്ത ആവേശവുമായാണ് 42ആം വയസ്സിലും ലീഗിന്റെ ഭാഗമാകുന്നത്. അവസരങ്ങള്‍ക്ക് പ്രായമൊരു തടസ്സമല്ലെന്ന് തെളിയിക്കുക കൂടിയായിരുന്നു രാകേഷ് ഇത്തവണ. 75000 രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സാണ് രാകേഷിനെ ടീമിലെടുത്തത്. എസ് സുബിനാണ് ജില്ലയില്‍ നിന്ന് കെസിഎല്‍ കളിക്കുന്ന മറ്റൊരു താരം. സംസ്ഥാന ക്രിക്കറ്റിലെ ഏറ്റവും വെടിക്കെട്ട് ബാറ്റര്‍മാരില്‍ ഒരാളാണ് സുബിന്‍. സുബിനെ ഒന്നര ലക്ഷം രൂപയ്ക്ക് അദാനി ട്രിവാണ്‍ഡ്രം റോയല്‍സ് നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ പ്രസിഡന്‍സ് കപ്പിലെയും എന്‍എസ്‌കെ ട്രോഫിയിലെയും മികച്ച പ്രകടനമാണ് സുബിന് രണ്ടാം സീസണിലും കെസിഎല്ലിലേക്ക് വഴി തുറന്നത്.

കഴിഞ്ഞ തവണയും കെസിഎല്‍ കളിച്ചവരാണ് ഷൈന്‍ ജോണ്‍ ജേക്കബ്, മോനു കൃഷ്ണ എന്നീ താരങ്ങള്‍. മോനു കൃഷ്ണ തൃശൂരിനായി 11 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷൈന്‍ കൊച്ചിയ്ക്കായി 10 വിക്കറ്റുകള്‍ നേടിയിരുന്നു. ഈ മികവാണ് ഇത്തവണയും ഇവര്‍ക്ക് അവസരങ്ങള്‍ തുറന്നത്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സാണ് ഇത്തവണ ഇരുവരെയും സ്വന്തമാക്കിയത്. മോനു കൃഷ്ണയെ 2.10 ലക്ഷത്തിലും ഷൈന്‍ ജോണ്‍ ജേക്കബിനെ ഒന്നര ലക്ഷത്തിലുമാണ് ഗ്ലോബ് സ്റ്റാര്‍സ് ടീമിലെടുത്തത്. 2.20 ലക്ഷത്തിന് കൊച്ചി സ്വന്തമാക്കിയ ആല്‍ഫി ഫ്രാന്‍സിസാണ് ലീഗില്‍ പത്തനംതിട്ടയുടെ മറ്റൊരു സാന്നിധ്യം.

1000227000