തിരുവനന്തപുരം: സൂപ്പർസ്റ്റാർ മോഹൻലാൽ മുഖ്യവേഷത്തിലെത്തിയ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസണിന്റെ ഔദ്യോഗിക പരസ്യചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തിലധികം (ഒരു മില്യൺ) കാഴ്ചക്കാരെ നേടി ഇൻസ്റ്റാഗ്രാമിൽ ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് ഈ ദൃശ്യാവിഷ്കാരം. കെസിഎൽ പരസ്യചിത്രം മലയാളക്കര ഒന്നടങ്കം ഏറ്റെടുത്തുവെന്നതിന്റെ വ്യക്തമായ തെളിവാണ് നേട്ടം.
ഒരു സാധാരണ പരസ്യം എന്നതിലുപരി ഒരു കൊച്ചു സിനിമയുടെ ആവേശവും ആകാംഷയും പകരുന്ന ചിത്രം ക്രിക്കറ്റ് പ്രേമികളും സിനിമാ ആരാധകരും ഒരുപോലെയാണ് ആഘോഷിക്കുന്നത്. മോഹൻലാലിനൊപ്പം എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘ആറാം തമ്പുരാന്റെ’ ശില്പികളായ സംവിധായകൻ ഷാജി കൈലാസും നിർമ്മാതാവ് സുരേഷ് കുമാറും അഭിനയിക്കുന്നു എന്നത് തന്നെയാണ് പരസ്യത്തിന്റെ പ്രധാന ആകർഷണം. പ്രശസ്ത പരസ്യസംവിധായകൻ ഗോപ്സ് ബെഞ്ച്മാർക്ക് ഒരുക്കിയ ‘ആവേശ ക്രിക്കറ്റ് അറ്റ് ഇറ്റ്സ് ബെസ്റ്റ്’ എന്ന ആശയം ഈ ഇതിഹാസ കൂട്ടുകെട്ടിലൂടെ പ്രേക്ഷകരുടെ സിരകളിൽ തീപിടിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ പ്രകാശനം ചെയ്ത പരസ്യചിത്രം ഒരു വൻ വിജയമാകുമെന്ന് അണിയറ പ്രവർത്തകർ പ്രവചിച്ചിരുന്നു. ആ വാക്കുകൾ ശരിവെക്കുന്ന സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ ലൊക്കേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ പരസ്യചിത്രം മോഹൻലാൽ എന്ന താരത്തിന്റെ സ്ക്രീൻ പ്രസൻസും ക്രിക്കറ്റിന്റെ ആവേശവും ഒരുമിപ്പിക്കുന്നതാണ്.
സമൂഹ മാധ്യമങ്ങളിലെല്ലാം ഇപ്പോൾ കെസിഎൽ പരസ്യമാണ് പ്രധാന ചർച്ചാവിഷയം. പരസ്യചിത്രം സൃഷ്ടിച്ച ഈ ആവേശക്കൊടുമുടി, വരാനിരിക്കുന്ന കെസിഎൽ രണ്ടാം സീസണിനായുള്ള കാത്തിരിപ്പിന് പതിന്മടങ്ങ് ആക്കം കൂട്ടിയിരിക്കുകയാണ്.