കായികപ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഫാന്‍ വില്ലേജും കെസിഎല്‍ മൊബൈല്‍ ആപ്പും; ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

Newsroom

Img 20250829 Wa0017
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കിയ ‘കെ.സി.എല്‍ ഫാന്‍ വില്ലേജിന്റെ ഉദ്ഘാടനം വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. കളിക്കളത്തിലെ ആവേശത്തിനപ്പുറം കുടുംബങ്ങളെയും കുട്ടികളെയും സ്‌പോര്‍ട്‌സിലേക്ക് ആകര്‍ഷിക്കുന്ന ഇത്തരം സംരംഭങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഓണാഘോഷങ്ങളുടെ ഭാഗമായി ക്രിക്കറ്റിനെ ഒരു ഉത്സവമാക്കി മാറ്റുന്ന ഫാന്‍ വില്ലേജ്, കായിക സംസ്‌കാരം വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുമെന്നും ഡോ. ദിവ്യ പറഞ്ഞു. ചടങ്ങില്‍ കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എല്‍) ഔദ്യോഗിക മൊബൈല്‍ ആപ്പും പ്രകാശനം ചെയ്തു.

സ്റ്റേഡിയത്തിലെ അഞ്ചാം നമ്പര്‍ ഗേറ്റിലൂടെ പ്രവേശിക്കുന്നയിടത്ത് സജ്ജമാക്കിയ ഫാന്‍ വില്ലേജില്‍ പ്രവേശനം സൗജന്യമാണ്. ഉദ്ഘാടന ദിവസം തന്നെ നിരവധി കുടുംബങ്ങളും യുവാക്കളും ഇവിടം സന്ദര്‍ശിക്കാനെത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മിനി ക്രിക്കറ്റ്, ബോളിംഗ്, ഡാര്‍ട്ട്, ഹൂപ്ല, സ്പീഡ് ബോള്‍ തുടങ്ങിയ ഗെയിമുകളും ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, വൈവിധ്യമാര്‍ന്ന ഭക്ഷണശാലകളും കെ.സി.എല്‍ ഭാഗ്യചിഹ്നങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാനുള്ള അവസരവമുണ്ട്. മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് കളിയോടൊപ്പം ഒരു ഉത്സവപ്രതീതി നല്‍കുകയാണ് ഫാന്‍ വില്ലേജിന്റെ ലക്ഷ്യം. കെസിഎല്‍ ഫാന്‍ വില്ലേജ് ഫൈനല്‍ ദിവസം വരെ ഗ്രീന്‍ഫീല്‍ഡില്‍ പ്രവര്‍ത്തിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് പ്രവേശനം.

മത്സരവുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവയെല്ലാം കെസിഎല്‍ ആപ്പില്‍ ലഭ്യമാണെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു. കെസിഎല്ലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിരല്‍ തുമ്പില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കിയതെന്നും ഉപയോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാൻ വില്ലേജിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോഴും
ആപ്പിലൂടെ പോളുകൾക്ക് ഉത്തരം നൽകുമ്പോഴും ലഭിക്കുന്ന ലോയൽറ്റി പോയിന്റുകൾ വിനിയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങുവാനും ഉപഭോക്താക്കൾക്ക് കഴിയും.
മൊബൈൽ അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ചടങ്ങില്‍ കെസിഎ മുന്‍ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍, കെസിഎ സി.ഇ.ഒ മിനു ചിദംബരം, കെസിഎല്‍ ടൂർണമെൻ്റ് ഡയറക്ടര്‍ രാജേഷ് തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു. https://play.google.com/store/apps/details?id=com.kcl.app