കോട്ടയം: കോട്ടയത്തെ ക്രിക്കറ്റ് ആരാധകരുടെ ആവേശമായി സിജോ മോൻ ജോസഫും ആദിത്യ ബൈജുവും കെസിഎല്ലിൻ്റെ രണ്ടാം സീസണിലേക്ക്. കേരള ക്രിക്കറ്റിലെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളിൽ ഒരാളാണ് സിജോ മോൻ ജോസഫെങ്കിൽ, ഭാവിയുടെ താരമായി കണക്കാക്കപ്പെടുന്ന താരമാണ് ആദിത്യ ബൈജു.
രണ്ടാം സീസണിലേക്ക് എത്തുമ്പോൾ സിജോമോൻ ജോസഫിനെ കാത്തിരിക്കുന്നത് തൃശൂരിൻ്റെ ക്യാപ്റ്റൻ സ്ഥാനം കൂടിയാണ്. 5.20 ലക്ഷം രൂപയ്ക്കാണ് തൃശൂർ ടൈറ്റൻസ് സിജോമോൻ ജോസഫിനെ ലേലത്തിലൂടെ സ്വന്തമാക്കിയത്. ഇടംകയ്യൻ സ്പിന്നിനൊപ്പം ബാറ്റിങ്ങിലും തിളങ്ങുന്ന ഓൾ റൌണ്ടർ. കഴിഞ്ഞ സീസണിൽ കൊച്ചിയ്ക്കൊപ്പമായിരുന്ന സിജോമോൻ ഒരു അർദ്ധ സെഞ്ച്വറിയടക്കം 122 റൺസ് നേടിയിരുന്നു. ബൌളിങ്ങിൽ ഒൻപത് വിക്കറ്റുകൾ നേടുകയും ചെയ്തു. ഈ ഓൾ റൌണ്ട് മികവാണ് താരലേലത്തിൽ സിജോമോൻ്റെ ഡിമാൻഡ് കൂട്ടിയത്. വിവിധ ടീമുകളിലായി കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള സിജോമോൻ ഇന്ത്യൻ അണ്ടർ 19 ടീമിനായും കളിച്ചിട്ടുണ്ട്. അണ്ടർ 19 അരങ്ങേറ്റ മല്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റും 68 റൺസും നേടി അന്നത്തെ കോച്ച് ആയിരുന്ന രാഹുൽ ദ്രാവിഡിൻ്റെ പ്രശംസയും നേടിയ താരമായിരുന്നു സിജോ.
കേരളം പ്രതീക്ഷ വയ്ക്കുന്ന യുവ ഫാസ്റ്റ് ബൌറായ ആദിത്യ ഇത്തവണ ആലപ്പി റിപ്പിൾസിനായാണ് ഇറങ്ങുക. ഒന്നര ലക്ഷം രൂപയ്ക്കാണ് റിപ്പിൾസ് ആദിത്യയെ സ്വന്തമാക്കിയത്. എംആർഎഫ് പേസ് ഫൌണ്ടേഷനിൽ പരിശീലനം ലഭിച്ച താരമാണ് ആദിത്യ. 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കുച്ച് ബിഹാർ ട്രോഫിയിലടക്കം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. വിനു മങ്കാദ് ട്രോഫിയിൽ ഉത്തരാഖണ്ഡിന് എതിരെ ഏഴ് വിക്കറ്റ് വീഴ്ത്തിയും ശ്രദ്ധേയനായി. കോട്ടയം കുമരകം സ്വദേശിയായ ആദിത്യ കളിച്ചു വളര്‍ന്നത് ദുബായിലാണ്. അച്ഛന്‍റെ ക്രിക്കറ്റ് ആവേശം പിന്തുടർന്നാണ് ആദിത്യയും ക്രിക്കറ്റിലേക്ക് ചുവട് വയ്ക്കുന്നത്. അച്ഛനായ ബൈജു ജില്ല, സോൺ തലം വരെയുള്ള ടീുമകളിൽ കളിച്ചിട്ടുണ്ട്. കെസിഎല്ലിലെ ആദ്യ സീസണിലൂടെ സീനിയർ തലത്തിലും മികവ് തെളിയിക്കാമെന്ന പ്രതീക്ഷയിലാണ് ആദിത്യ.