ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്

Newsroom

Picsart 25 08 13 19 56 00 319
Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ തവണ കലാശപ്പോരിൽ കൈവിട്ട കിരീടം തേടിയാണ് ഇത്തവണ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിൻ്റെ വരവ്. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന രോഹൻ കുന്നുമ്മൽ തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. സൽമാൻ നിസാർ വൈസ് ക്യാപ്റ്റനായും തുടരും. കഴിഞ്ഞ സീസണിലെ ഫൈനൽ പ്രവേശനത്തിൽ നിർണ്ണായക പങ്കു വഹിച്ച താരങ്ങളിൽ മിക്കവരെയും ഇത്തവണയും നിലനിർത്താനായിട്ടുണ്ട്. ഒപ്പം സച്ചിൻ സുരേഷ്, മനു കൃഷ്ണ തുടങ്ങിയവരെ പുതുതായി ടീമിൽ എത്തിക്കാനുമായത് ടീമിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

1000244063

455 റൺസുമായി സൽമാൻ നിസാർ ആയിരുന്നു കഴിഞ്ഞ സീസണിലെ ടീമിൻ്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും, എം അജിനാസും, അഖിൽ സ്കറിയയുമായിരുന്നു റൺവേട്ടയിൽ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും ഈ സീസണിലും ടീമിനൊപ്പം തന്നെയുണ്ട്. സച്ചിൻ സുരേഷും എസ് എൻ അമീർ ഷായുമാണ് പുതുതായി ടീമിലെത്തിയ പ്രധാന ബാറ്റർമാർ. കൂറ്റൻ ഷോട്ടുകളിലൂടെ ശ്രദ്ധേയനായ സച്ചിൻ വിക്കറ്റ് കീപ്പർ കൂടിയാണ്. അടുത്തിടെ തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മല്സരത്തിനിടെ ഒരു കേരള താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുമായി സച്ചിൻ ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. 197 പന്തുകളിൽ നിന്ന് 27 ബൌണ്ടറികളും 24 സിക്സും അടക്കം 334 റൺസായിരുന്നു സച്ചിൻ നേടിയത്. സച്ചിന് പുറമെ എം അജിനാസും വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിനൊപ്പമുണ്ട്. മൂന്ന് അർദ്ധ സെഞ്ച്വറികൾ അടക്കം 217 റൺസായിരുന്നു അജ്നാസ് കഴിഞ്ഞ സീസണിൽ നേടിയത്.

ഓൾ റൌണ്ടർമാരുടെ നീണ്ടൊരു നിര തന്നെയുണ്ട് ഇത്തവണ കാലിക്കറ്റ് ടീമിനൊപ്പം. കേരള ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൌണ്ടർമാരിൽ ഒരാളായ അഖിൽ സ്കറിയ തന്നെയാണ് ഇതിൽ ശ്രദ്ധേയൻ. കഴിഞ്ഞ സീസണിൽ 25 വിക്കറ്റുകളും 187 റൺസുമായി ടീമിൻ്റെ മികച്ച പ്രകടനത്തിൽ മുഖ്യ പങ്കുവഹിച്ച താരമാണ് അഖിൽ. പി എം അൻഫലാണ് ഓൾറൌണ്ടർമാരിലെ മറ്റൊരു ശ്രദ്ധേയ താരം. പ്രസിഡൻസ് കപ്പിലടക്കം ഉജ്ജ്വല പ്രകടനം കാഴ്ചവച്ച അൻഫൽ മികച്ച ഫോമിലാണ് ഇപ്പോൾ. യുവതാരങ്ങളിൽ ശ്രദ്ധേയനായ പ്രീതിഷ് പവൻ, കൃഷ്ണദേവൻ, ഷൈൻ ജോൺ ജേക്കബ്, മനു കൃഷ്ണൻ എന്നിവരാണ് മറ്റ് ഓൾ റൌണ്ടർമാർ. ടൂർണ്ണമെൻ്റിലെ ഏറ്റവും മുതിർന്ന താരങ്ങളിലൊരാളായ മനു കൃഷ്ണൻ്റെ പരിചയസമ്പത്ത് ടീമിന് വലിയ മുതൽക്കൂട്ടാവും. ഇടംകയ്യൻ ഫാസ്റ്റ് ബൌളറും ബാറ്ററുമായ മനു കേരളത്തിനായി രഞ്ജിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിലും ഉജ്ജ്വല ബൌളിങ് കാഴ്ച വച്ചിട്ടുള്ള താരം കൂടിയാണ്.

കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ അഖിൽ സ്കറിയ തന്നെയാണ് ബൌളിങ്ങിൽ ടീമിൻ്റെ തുറുപ്പുചീട്ട്. കഴിഞ്ഞ സീസണിൽ തിളങ്ങിയ അഖിൽ ദേവും ഇത്തവണ ടീമിനൊപ്പമുണ്ട്. മോനു കൃഷ്ണ, ഇബ്നുൽ അഫ്താബ്, കൃഷ്ണകുമാർ എന്നിവരാണ് പേസ് ബൗളിങ് നിരയിലുള്ളത്. എസ് മിഥുൻ, അജിത് രാജ്, എം. യു ഹരികൃഷ്ണൻ എന്നിവരാണ് സ്പിന്നർമാർ.

കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച കേരള മുൻ രഞ്ജി ക്യാപ്റ്റൻ കൂടിയായ ഫിറോസ് വി റഷീദാണ് ഇത്തവണയും കാലിക്കറ്റിൻ്റെ ഹെഡ് കോച്ച്. അസിസ്റ്റൻ്റ് കോച്ചായി ഡേവിഡ് ചെറിയാനും, ബാറ്റിങ് കോച്ചായി മനോജ് കെ എക്സും ഫീൽഡിങ് കോച്ചായി സുമേഷ് എം എസും ടീമിനൊപ്പമുണ്ട്. രാകേഷ് ബി മേനോനാണ് വീഡിയോ അനലിസ്റ്റ്. ഫിസിയോ ആയി ഡോ. ഷോൺ ആൻ്റണിയും സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി ഹരി ആർ വാര്യരും മെൻ്ററായി യു അച്യുതനും മാനേജറായി വിഷ്ണുദാസ് വി വിയും ടീമിനൊപ്പമുണ്ട്.

ടീം അംഗങ്ങള്‍

ബാറ്റർമാർ – രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, അമീർഷാ എസ് എൻ

വിക്കറ്റ് കീപ്പർ ബാറ്റർ – എം അജ്നാസ്, സച്ചിൻ എസ്.

ഓൾ റൌണ്ടർമാർ – അഖിൽ സ്കറിയ, അൻഫൽ പി എം, മനു കൃഷ്ണൻ, കൃഷ്ണദേവൻ, ഷൈൻ ജോൺ ജേക്കബ്, പ്രീതിഷ് പവൻ

ബൌളർമാർ – മോനു കൃഷ്ണ, അഖിൽദേവ് സി വി, ഇബ്നുൽ അഫ്താബ്,എസ് മിഥുൻ, അജിത് രാജ് ജി, കൃഷ്ണകുമാർ ടി വി, ഹരികൃഷ്ണൻ എം യു