കെസിഎൽ: കാര്യവട്ടം ഗ്രീൻഫീൽഡിൽ പുതിയ ഫ്ളഡ്‌ലൈറ്റുകൾ സ്ഥാപിച്ചു; ഉദ്ഘാടനം ഓഗസ്റ്റ് 15-ന്

Newsroom

Picsart 25 08 11 19 44 28 774
Download the Fanport app now!
Appstore Badge
Google Play Badge 1

രാത്രി 7.30 ന് നടക്കുന്ന സൗഹൃദ മത്സരത്തിൽ സഞ്ജു സാംസണും സച്ചിൻ ബേബിയും നയിക്കുന്ന ടീമുകൾ ഏറ്റുമുട്ടും

പ്രവേശനം സൗജന്യം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) രണ്ടാം സീസണിന് കളമൊരുങ്ങവെ, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പുതിയ LED ഫ്‌ളഡ് ലൈറ്റുകൾ സ്ഥാപിച്ചു. ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് 15 ന് രാത്രി ഏഴ് മണിക്ക് നടക്കും. പഴയ മെറ്റൽ ഹലയ്ഡ് ഫ്‌ളഡ് ലൈറ്റുകൾ മാറ്റിയാണ് ആധുനിക സാങ്കേതികവിദ്യയോട് കൂടിയുള്ള പുതിയ എൽഇഡി ഫ്‌ളഡ് ലൈറ്റുകൾ സ്ഥാപിച്ചത്. ഡിഎംഎക്സ് കൺട്രോൾ സിസ്റ്റമാണ് പ്രധാന സവിശേഷത. ഇത് ഉപയോഗിച്ച് ലൈറ്റുകളുടെ പ്രകാശതീവ്രത പൂജ്യം ശതമാനം മുതൽ 100% വരെ കൃത്യമായി നിയന്ത്രിക്കാനാകും. കൂടാതെ, ഫേഡുകൾ, സ്ട്രോബുകൾ പോലുള്ള ലൈറ്റിംഗ് സ്‌പെഷ്യൽ ഇഫക്ടുകൾ സാധ്യമാണ്. സംഗീതത്തിനനുസരിച്ച് ലൈറ്റുകൾ ചലിപ്പിക്കുന്ന ഡൈനാമിക്, ഓഡിയോ-റിയാക്ടീവ് ലൈറ്റിംഗ് ക്രമീകരണങ്ങൾക്കും ഈ സംവിധാനം സഹായിക്കും. ഇത്തരം സംവിധാനങ്ങളുള്ള രാജ്യത്തെ ചുരുക്കം സ്റ്റേഡിയങ്ങളിലൊന്നാണ് കാര്യവട്ടം ഗ്രീൻഫീൽഡ്.

സ്റ്റേഡിയത്തിലെ നാല് ടവറുകളിലായി 1600 വാട്ട്‌സ് പ്രൊഫഷണൽ എൽഇഡി ഗണത്തിൽപ്പെട്ട 392 ലൈറ്റുകളാണുള്ളത്. ഓരോ ടവറിലും രണ്ട് ഹൈ-മാസ്റ്റ് സംവിധാനങ്ങളുണ്ട്. പുതിയ ഫ്‌ലഡ്‌ലൈറ്റുകൾ സ്ഥാപിച്ചതോടെ രാത്രികാല മത്സരങ്ങൾ കൂടുതൽ സുഗമമായി നടത്താനാകുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. കളിക്കാർക്കും കാണികൾക്കും മികച്ച ദൃശ്യാനുഭവം നൽകുന്നതിനൊപ്പം, എച്ച്.ഡി ബ്രോഡ്കാസ്റ്റിംഗ് നിലവാരത്തിലേക്ക് സ്റ്റേഡിയത്തെ ഉയർത്താനും ഇത് സഹായിക്കും. ഊർജ്ജക്ഷമത കൂടിയ ലൈറ്റുകൾ ദീർഘകാലാടിസ്ഥാനത്തിൽ സ്റ്റേഡിയത്തിന് വലിയ മുതൽക്കൂട്ട് ആകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ക്രിക്കറ്റ് അസോസിയേഷൻ ജി.എസ്.ടി ഉൾപ്പെടെ 18 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ഫിലിപ്‌സിന്റെ ഉപ കമ്പനിയായ സിഗ്‌നിഫൈയാണ് എൽഇഡി ലൈറ്റ്‌സിന്റെ നിർമ്മാതാക്കൾ. മെർകുറി ഇലക്ട്രിക്കൽ കോർപറേഷൻസാണ് ഫ്‌ലഡ് ലൈറ്റ് സ്ഥാപിച്ചത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദൃശ്യവിസ്മയം ഒരുക്കുന്ന ലേസർ ഷോയും ഉണ്ടായിരിക്കും.

ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, ടീം ഉടമകൾ, ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികൾ, കെസിഎ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് രാത്രി 7. 30 -ന് കാണികൾക്ക് ആവേശമായി ഒരു സൗഹൃദ ക്രിക്കറ്റ് മത്സരവും അരങ്ങേറും. കെസിഎ പ്രസിഡന്റ് ഇലവനും സെക്രട്ടറി ഇലവനും തമ്മിൽ നടക്കുന്ന മത്സരത്തിൽ കേരളത്തിന്റെ പ്രിയ താരങ്ങളായ സഞ്ജു സാംസൺ, സച്ചിൻ ബേബി, അസ്ഹർ, സൽമാൻ നിസാർ, വിഷ്ണു വിനോദ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഉണ്ടായിരിക്കും. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് മെയിൻ എൻട്രൻസ് വഴി ഇന്നർ ഗേറ്റ് അഞ്ച്, 15 എന്നീ ഗേറ്റുകൾ വഴി സ്റ്റേഡിയത്തിൽ പ്രവേശിക്കാമെന്ന് കെസിഎ അറിയിച്ചു.

സൗഹൃദ മത്സരത്തിൽ നേർക്കുനേർ സഞ്ജുവും സച്ചിൻ ബേബിയും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഓഗസ്റ്റ് പതിനഞ്ചിന് സൗഹൃദ ക്രിക്കറ്റ് മത്സരം നടക്കും. സ്റ്റേഡിയത്തിലെ നവീകരിച്ച ഫ്ലഡ് ലൈറ്റുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് രാത്രി 7.30 ന് മത്സരം ആരംഭിക്കുക. കേരളത്തിന്റെ പ്രിയ താരങ്ങളായ സഞ്ജു സാംസൺ നയിക്കുന്ന കെസിഎ സെക്രട്ടറി ഇലവനും സച്ചിൻ ബേബി നയിക്കുന്ന കെസിഎ പ്രസിഡന്റ് ഇലവനും തമ്മിലാണ് മത്സരം.

സഞ്ജു സാംസൺ നയിക്കുന്ന ടീമിൽ കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ഷോൺ റോജർ, അജ്‌നാസ് എം, സിജോമോൻ ജോസഫ്, ബേസിൽ തമ്പി, ബേസിൽ എൻപി, അഖിൽ സ്‌കറിയ, ഫാനൂസ് എഫ്, മുഹമ്മദ് ഇനാൻ, ഷറഫുദീൻ എൻ.എം, അഖിൻ സത്താർ എന്നിവർ അണിനിരക്കും.

സച്ചിൻ ബേബി നയിക്കുന്ന ടീമിൽ രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഹമ്മദ് ഇമ്രാൻ, അഭിഷേക് ജെ നായർ, അബ്ദുൾ ബാസിത്, ബിജു നാരായണൻ, ഏഥൻ ആപ്പിൾ ടോം, നിധീഷ് എംഡി, അഭിജിത്ത് പ്രവീൺ, ആസിഫ് കെഎം, എസ് മിഥുൻ, വിനോദ് കുമാർ സി.വി,സച്ചിൻ സുരേഷ് എന്നിവരാണുള്ളത്.ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന മത്സരത്തിൽ സംസ്ഥാനത്തെ പ്രമുഖ കളിക്കാർ ഏറ്റുമുട്ടുന്നതോടെ കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിന് ആവേശകരമായ തുടക്കമാകും.