കാര്യവട്ടത്ത് സൽമാൻ്റെ സംഹാര താണ്ഡവം; ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് രണ്ടാം സ്ഥാനത്ത്

Newsroom

Picsart 25 08 30 19 38 29 923
Download the Fanport app now!
Appstore Badge
Google Play Badge 1

സൽമാൻ നിസാറിൻ്റെ ഉജ്ജ്വല ഇന്നിങ്സിൻ്റെ മികവിൽ ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. 13 റൺസിനായിരുന്ന കാലിക്കറ്റിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് 173 റൺസിന് ഓൾ ഔട്ടായി. അവിസ്മരണീയ ഇന്നിങ്സുമായി കാലിക്കറ്റിന് വിജയമൊരുക്കിയ സൽമാൻ നിസാറാണ് പ്ലെയർ ഓഫ് ദി മാച്ച്. വിജയത്തോടെ എട്ട് പോയിൻ്റുമായി കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

1000254277

തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറ്റിയ അജ്നാസിൻ്റെ ചെറുത്തുനില്പിനൊടുവിൽ സൽമാൻ നിസാറിൻ്റെ സംഹാരതാണ്ഡവം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിൻ്റെ ഇന്നിങ്സിനെ ഇങ്ങനെ ചുരുക്കിയെഴുതാം. കെസിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന്. അതിനായിരുന്നു സൽമാൻ നിസാറിലൂടെ ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ കളിയിലെപ്പോലെ മോശം തുടക്കമായിരുന്നു റോയൽസിനെതിരെയും കാലിക്കറ്റിൻ്റേത്. ഓപ്പണർമാരായ പ്രീതിഷ് പവൻ ഏഴും രോഹൻ കുന്നുമ്മൽ 11ഉം റൺസെടുത്ത് പുറത്തായി. കഴിഞ്ഞ മല്സരങ്ങളിൽ മികച്ച ഇന്നിങ്സ് കാഴ്ച വച്ച അഖിൽ സ്കറിയയും സച്ചിൻ സുരേഷും കൂടി ചെറിയ സ്കോറുകളിൽ പുറത്തായതോടെ നാല് വിക്കറ്റിന് 76 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്.

എന്നാൽ ഒരറ്റത്ത് ഉറച്ച് നിന്ന അജ്നാസാണ് കാലിക്കറ്റിനെ മല്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത്. നിലയുറപ്പിക്കാൻ സമയമെടുത്തെങ്കിലും തുടർന്ന് ആഞ്ഞടിച്ച അജ്നാസ് 50 പന്തിൽ 51 റൺസ് നേടി. എങ്കിലും 16ആം ഓവറിൽ മാത്രമായിരുന്നു കാലിക്കറ്റിൻ്റെ സ്കോർ നൂറിലെത്തിയത്. 17ആം ഓവറിൽ അജ്നാസ് പുറത്താക്മ്പോൾ സ്കോർ 108 റൺസ് മാത്രം. 18ആം ഓവറിൽ പിറന്നത് അഞ്ച് റൺസ് മാത്രം. എന്നാൽ തുർന്നുള്ള രണ്ട് ഓവറുകളിലൂടെ കളിയുടെ തിരക്കഥ ഒറ്റയ്ക്ക് മാറ്റിയെഴുതുകയായിരുന്നു സൽമാൻ നിസാർ. ബേസിൽ തമ്പി എറിഞ്ഞ 19ആം ഓവറിലെ ആദ്യ അഞ്ച് പന്തുകളിലും സിക്സർ. അവസാന പന്തിൽ സിംഗിൾ നേടിയ സൽമാൻ സ്ട്രൈക് നിലനിർത്തി.അവസാന ഓവർ സാക്ഷ്യം വഹിച്ചത് അവിസ്മരണീയ നിമിഷങ്ങൾക്കാണ്. അഭിജിത് പ്രവീൺ എറിഞ്ഞ എല്ലാ പന്തുകളെയും സൽമാൻ സിക്സർ പായിച്ചു. നോ ബോളും വൈഡും കൂടി ചേർന്നപ്പോൾ 40 റൺസാണ് അവസാന ഓവറിൽ പിറന്നത്. അവസാന രണ്ടോവറിൽ നേടിയ 71 റൺസുമായി കാലിക്കറ്റിൻ്റെ സ്കോർ 186ലേക്ക്. വെറും 26 പന്തുകളിൽ 12 സിക്സുകളുടെ മികവിൽ പുറത്താകാതെ 86 റൺസാണ് സൽമാൻ നിസാർ നേടിയത്. റോയൽസിന് വേണ്ടി എം നിഖിലും ആസിഫ് സലാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിൻ്റെ തുടക്കവും മികച്ചതായിരുന്നില്ല. വിഷ്ണുരാജ് 12 റൺസെടുത്ത് മടങ്ങി. റിയ ബഷീർ മികച്ച ഷോട്ടുകളുമായി പ്രതീക്ഷ നല്കിയെങ്കിലും 25 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ കൃഷ്ണപ്രസാദ് 18 റൺസുമായി മടങ്ങി. തുടർന്നെത്തിയവരിൽ സഞ്ജീവ് സതീശന് മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായത്. 23 പന്തുകളിൽ 34 റൺസാണ് സഞ്ജീവ് നേടിയത്. അബ്ദുൾ ബാസിദ് 11 പന്തുകളിൽ 22 റൺസുമായി മടങ്ങി. അവസാന ഓവറുകളിൽ ഒൻപത് പന്തുകളിൽ നിന്ന് 23 റൺസ് നേടിയ ബേസിൽ തമ്പിയുടെ പ്രകടനം മല്സരം അവസാന ഓവർ വരെ നീട്ടി. എങ്കിലും റോയൽസിൻ്റെ മറുപടി 173ൽ അവസാനിച്ചു. എം നിഖിൽ 18 റൺസുമായി പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി അഖിൽ സ്കറിയ മൂന്ന് വിക്കറ്റ് നേടി. മൂന്നോവറിൽ 13 റൺസ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റ് നേടിയ ഹരികൃഷ്ണനും കാലിക്കറ്റ് ബൌളിങ് നിരയിൽ തിളങ്ങി. ഇബ്നുൽ അഫ്താബും രണ്ട് വിക്കറ്റ് വീഴ്ത്തി.