കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെ 14 റൺസിന് തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 20 ഓവറിൽ 188 റൺസിന് ഓൾ ഔട്ടായി. കെസിഎല്ലിൽ ഇതാദ്യമായാണ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്, കൊല്ലം സെയിലേഴ്സിനെ തോല്പിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനൽ അടക്കം ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയ നാല് മല്സരങ്ങളിലും വിജയം കൊല്ലത്തിനായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ കൂറ്റനടികളിലൂടെ സ്കോർ ഉയർത്തി കാലിക്കറ്റിന് വിജയമൊരുക്കിയ കൃഷ്ണദേവനാണ് പ്ലെയർ ഓഫ് ദി മാച്ച്.

ഓപ്പണിങ്ങിൽ പുതിയൊരു പരീക്ഷണവുമായിട്ടായിരുന്നു കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് കൊല്ലത്തിനെതിരെ ഇറങ്ങിയത്. ആദ്യമായി എസ് മിഥുൻ ഓപ്പണറുടെ റോളിലെത്തി. എന്നാൽ ഒരു സിക്സർ മാത്രം നേടി മിഥുൻ മടങ്ങി.രോഹൻ കുന്നുമ്മലും അജിനാസും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 75 റൺസ് പിറന്നു. അജിനാസ് 46ഉം രോഹൻ കുന്നുമ്മൽ 36ഉം റൺസെടുത്ത് മടങ്ങി. പതിവ് വേഗം കൈവരിക്കാനാകാതെ മുടന്തി നീങ്ങിയ കാലിക്കറ്റ് ഇന്നിങ്സ് കുതിച്ച് മുന്നേറിയത് അവസാന ഓവറുകളിലാണ്. അതിന് വഴിയൊരുക്കിയത് കൃഷ്ണദേവൻ്റെ തകർപ്പൻ ഇന്നിങ്സും.
18ആം ഓവറിൻ്റെ അവസാനത്തോടെ കൃഷ്ണദേവൻ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ അഞ്ച് വിക്കറ്റിന് 150 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്. 19ആം ഓവർ മുതൽ നിറഞ്ഞാടിയ കൃഷ്ണദേവൻ ആ ഓവറിൽ രണ്ട് സിക്സും ഒരു ഫോറും നേടി. ഷറഫുദ്ദീൻ എറിഞ്ഞ അവസാന ഓവറിലെ അഞ്ച് പന്തും കൃഷ്ണദേവൻ സിക്സർ പറത്തിയതോടെ കാലിക്കറ്റിൻ്റെ സ്കോർ 202ലേക്ക്. വെറും 11 പന്തുകളിൽ ഒരു ഫോറും ഏഴ് സിക്സുമടക്കം 49 റൺസുമായി കൃഷ്ണദേവൻ പുറത്താകാതെ നിന്നു. 25 പന്തുകളിൽ നിന്ന് 32 റൺസുമായി അഖിൽ സ്കറിയ മികച്ച പിന്തുണയായി. കൊല്ലം സെയിലേഴ്സിന് വേണ്ടി എ ജി അമലും എം എസ് അഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന് 16 റൺസെടുത്ത വിഷ്ണു വിനോദിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ സച്ചിൻ ബേബിയും അഭിഷേക് ജെ നായരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അതിവേഗത്തിൽ സ്കോർ ചെയ്ത് മുന്നേറി. ഇരുവരും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. 27 റൺസെടുത്ത സച്ചിൻ ബേബിയെ ഹരികൃഷ്ണൻ ക്ലീൻ ബൌൾഡാക്കി. തുടർന്നെത്തിയവരിൽ ആർക്കും മികച്ച ഇന്നിങ്സ് കാഴ്ച വയ്ക്കാനായില്ല. എന്നാൽ ഒരു വശത്ത് ഉറച്ച് നിന്ന അഭിഷേക് ജെ നായർ കൊല്ലത്തിൻ്റെ ആരാധകർക്ക് പ്രതീക്ഷ നല്കി. സ്കോർ 179ൽ നില്ക്കെ അഭിഷേകിനെ പുറത്താക്കി അഖിൽ സ്കറിയ കാലിക്കറ്റിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. 50 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 74 റൺസാണ് അഭിഷേക് നേടിയത്.
ചെറുതെങ്കിലും കൂറ്റനടികളുമായി കളം നിറഞ്ഞ ഷറഫുദ്ദീനും എം എസ് അഖിലുമെല്ലാം ചേർന്ന് കളിയുടെ ആവേശം അവസാന ഓവറിലേക്ക് നീട്ടി. എന്നാൽ അവസാന ഓവറിൽ ഉജ്ജ്വലമായി പന്തെറിഞ്ഞ ഇബ്നുൽ അഫ്താബ് കളി കാലിക്കറ്റിന് അനുകൂലമാക്കി. നാലോവറിൽ 35 റൺസ് വഴങ്ങി അഫ്താബും അഖിൽ സ്കറിയയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. വിജയത്തോടെ കാലിക്കറ്റ് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.