ആവേശപ്പോരാട്ടത്തിൽ ട്രിവാൺഡ്രം റോയൽസിനെ മറികടന്ന് ടൂർണ്ണമെൻ്റിലെ ആദ്യ വിജയവുമായി കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്. ഏഴ് വിക്കറ്റിനായിരുന്നു കാലിക്കറ്റിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ട്രിവാൺഡ്രം റോയൽസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് ഒരോവർ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. പുറത്താകാതെ അർദ്ധ സെഞ്ച്വറി നേടുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അഖിൽ സ്കറിയയാണ് കളിയിലെ താരം.

ടൂർണ്ണമെൻ്റിൽ ഇത് വരെ കണ്ട ഏറ്റവും മികച്ച മല്സരങ്ങളിലൊന്നായിരുന്നു കാലിക്കറ്റും ട്രിവാൺഡ്രവും തമ്മിലുള്ള പോരാട്ടം. തോൽവിയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിൽ നിന്നും അതിശയകരമായി തിരിച്ചു വന്നായിരുന്നു കാലിക്കറ്റിൻ്റെ വിജയം. ആദ്യ ഓവറിൽ ഒരു സിക്സും ഒരു ഫോറുമായി രോഹൻ കുന്നുമ്മൽ മടങ്ങിയതോടെ കാലിക്കറ്റിൻ്റെ സ്കോറിങ് മന്ദഗതിയിലായി. 12 റൺസെടുത്ത രോഹനെ ടി എസ് വിനിലാണ് പുറത്താക്കിയത്. കഴിഞ്ഞ മല്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ അജ്നാസിനെ വി അജിത്തും പുറത്താക്കി. 28 റൺസ് നേടിയെങ്കിലും സ്കോറിങ് വേഗത്തിലാക്കാൻ ഓപ്പണർ സച്ചിൻ സുരേഷിനും കഴിഞ്ഞില്ല. എന്നാൽ 11ആം ഓവറിൽ ഒത്തു ചേർന്ന അഖിൽ സ്കറിയയും സൽമാൻ നിസാറും ചേർന്ന് കൈവിട്ടെന്ന് തോന്നിയ കളി തിരികെപ്പിടിക്കുകയായിരുന്നു.
15 ഓവർ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റിന് 99 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ്. 30 പന്തുകളിൽ ജയിക്കാൻ വേണ്ടത് 75 റൺസ്. എന്നാൽ ബേസിൽ തമ്പി എറിഞ്ഞ 16ആം ഓവർ മുതൽ ഇരുവരും ആഞ്ഞടിച്ചു. ആ ഓവറിൽ ഇരുവരും ചേർന്ന് 17 റൺസ് നേടി. തൊട്ടടുത്ത ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും നേടിയ അഖിൽ സ്കറിയ തൻ്റെ അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി. അടുത്ത ഓവറിലും 20 റൺസ് സ്കോർ ചെയ്ത ഇരുവരും ചേർന്ന് മല്സരം കാലിക്കറ്റിൻ്റെ വരുതിയിലാക്കി. ബേസിൽ തമ്പി എറിഞ്ഞ 19ആം ഓവറിലെ നാലാം പന്ത് ബൌണ്ടറി പായിച്ച സൽമാൻ നിസാറും അർദ്ധ സെഞ്ച്വറി തികച്ചു. ആ ഓവറിലെ അവസാന പന്തിൽ തന്നെ കാലിക്കറ്റ് വിജയവും പൂർത്തിയാക്കി. അഖിൽ സ്കറിയ 32 പന്തുകളിൽ നിന്ന് 68ഉം സൽമാൻ നിസാർ 34 പന്തുകളിൽ നിന്ന് 51 റൺസും നേടി പുറത്താകാതെ നിന്നു.
നേരത്തെ ക്യാപ്റ്റൻ്റെ ഇന്നിങ്സ് കാഴ്ച വച്ച കൃഷ്ണപ്രസാദിൻ്റെ ഇന്നിങ്സായിരുന്നു റോയൽസിനെ മികച്ച സ്കോറിലെത്തിച്ചത്. ആദ്യ രണ്ട് മല്സരങ്ങളിലും തിളങ്ങാതെ പോയ എസ് സുബിൻ ടീമിന് ഭേദപ്പെട്ടൊരു തുടക്കം നല്കി. 12 പന്തുകളിൽ മൂന്ന് സിക്സടക്കം 23 റൺസാണ് സുബിൻ നേടിയത്. ആദ്യ സ്പെല്ലിലെ രണ്ടാം പന്തിൽ തന്നെ അഖിൽ സ്കറിയയാണ് സുബിനെ പുറത്താക്കിയത്. റിയ ബഷീറും ഗോവിന്ദ് ദേവ് പൈയും ചെറിയ സ്കോറുകളിൽ പുറത്തായത് റോയൽസിന് തിരിച്ചടിയായി. എന്നാൽ നിലയുറപ്പിച്ച ശേഷം മികച്ച ഷോട്ടുകൾ പായിച്ച കൃഷ്ണപ്രസാദ് ടീമിൻ്റെ സ്കോറുയർത്തി. 24 റൺസെടുത്ത അബ്ദുൾ ബാസിദ് മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 58 റൺസ് പിറന്നു. എന്നാൽ കൃഷ്ണപ്രസാദിനെയും നിഖിലിനെയും പുറത്താക്കി അഖിൽ സ്കറിയ വീണ്ടും ആഞ്ഞടിച്ചു. 54 പന്തുകളിൽ നിന്ന് രണ്ട് ഫോറും അഞ്ച് സിക്സുമടക്കം 78 റൺസാണ് കൃഷ്ണപ്രസാദ് നേടിയത്. വലിയ സ്കോർ പ്രതീക്ഷിച്ച റോയൽസിനെ പിടിച്ചു കെട്ടിയത് അഖിലിൻ്റെ ബൌളിങ് മികവാണ്. അഖിൽ നാല് ഓവറുകളിൽ നിന്ന് 32 റൺസ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റും മോനു കൃഷ്ണ 35 റൺസിന് രണ്ട് വിക്കറ്റും നേടി.