കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) മികച്ച പ്രകടനം കാഴ്ചവെച്ച് കൊട്ടാരക്കരയുടെ അഭിമാനമായി മാറിയിരിക്കുകയാണ് യുവതാരം അജയഘോഷ്. വൈവിധ്യമാർന്ന ബൗളിംഗ് ശൈലിയും കൃത്യതയോടെയുള്ള പ്രകടനവുമാണ് ഈ 26-കാരനെ ശ്രദ്ധേയനാക്കുന്നത്.
തൃശൂർ ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ കൊല്ലം സെയിലേഴ്സിനായി 27 റൺസ് മാത്രം വഴങ്ങി 4 നിർണ്ണായക വിക്കറ്റുകൾ നേടിയ അജയഘോഷ്, തൃശൂരിന്റെ സ്കോറിംഗ് വേഗത കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.സിജോമോൻ ജോസഫ്,വിഷ്ണു മേനോൻ,വിനോദ് കുമാർ,അനന്ദ് ജോസഫ് എന്നീ 4 വിക്കറ്റുകളാണ് അജയഘോഷ് സ്വന്തമാക്കിയത്.അവസാന ഓവറുകളിൽ ബാറ്റർമാരെ വരിഞ്ഞുമുറുക്കിയാണ് അജയഘോഷ് തന്റെ കഴിവ് തെളിയിച്ചത്.
കഴിഞ്ഞ ദിവസം കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെയുള്ള മത്സരത്തിൽ, നിർണ്ണായകമായ സഞ്ജുവിന്റെ വിക്കറ്റ് നേടിയതും അജയഘോഷാണ്. എൻ.എസ്.കെ ട്രോഫിയിൽ കോട്ടയത്തിനെതിരെ 7 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.ആദ്യ സീസണിൽ കൊച്ചി ബ്ലു ടൈഗേഴ്സ് ടീമിന് വേണ്ടി കളിച്ച അജയഘോഷിനെ 75,000 രൂപയ്ക്കാണ് കൊല്ലം സെയിലേഴ്സ് സ്വന്തമാക്കിയത്.കൊട്ടരാക്കര നെടുവത്തൂർ സ്വദേശിയായ പി.നടരാജൻ,സുജാത.എൽ ദമ്പതികളുടെ മകനാണ് അജയഘോഷ്.