ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച് ഞായറാഴ്ച

Newsroom

Picsart 25 07 16 14 14 40 004
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശവും കായിക മേഖലയുടെ കരുത്തുമായി മാറിയ ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ്(കെസിഎല്‍) സീസണ്‍-2 വിന്റെ ഗ്രാന്റ് ലോഞ്ച് ( 20.7.2025) ഞായറാഴ്ച നിശാഗന്ധിയില്‍ വൈകുന്നേരം 5.30 ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ സാനിധ്യത്തില്‍ നടക്കും. ചടങ്ങില്‍ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനവും മന്ത്രി നിര്‍വഹിക്കുമെന്ന് കെസിഎ അറിയിച്ചു. വിശിഷ്ടാതിഥികളും ക്രിക്കറ്റ് പ്രേമികളും പൊതുജനങ്ങളും ഉള്‍പ്പെടെ വന്‍ ജനാവലിയെ സാക്ഷിയാക്കിയാകും കെസിഎല്ലിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കുക. ഭാഗ്യചിഹ്നങ്ങളുടെ പേര് ഇടാനുള്ള അവസരം ആരാധകര്‍ക്ക് കെസിഎ നല്‍കുന്നതാണ്. തിരഞ്ഞെടുക്കുന്ന പേരുകള്‍ക്ക് പ്രത്യേക സമ്മാനവും നല്‍കുന്നതാണ്.

KCL Auction

സീസണ്‍-2 വിന്റെ ഭാഗമായി പുറത്തിറക്കുന്ന ആരാധകര്‍ക്കായുള്ള ഫാന്‍ ജേഴ്‌സിയുടെ പ്രകാശന കര്‍മ്മം ക്രിക്കറ്റ് താരം സല്‍മാന്‍ നിസാറും സച്ചിന്‍ ബേബിയും ചേര്‍ന്ന് നിര്‍വഹിക്കും. രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി കേരളത്തിന് ഫൈനല്‍ പ്രവേശനത്തിന് വഴിയൊരുക്കിയ രക്ഷക വേഷമണിഞ്ഞ സല്‍മാന്‍ നിസാറിന്റെ ഹെല്‍മെറ്റിനെ ആസ്പദമാക്കി തയാറാക്കിയ പ്രത്യേക വീഡിയോ വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കെസിഎ അറിയിച്ചു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആറു ടീമുകളെയും ചടങ്ങില്‍ പരിചയപ്പെടുത്തും. ലീഗിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രോഫി പര്യടന വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മന്ത്രി നിര്‍വഹിക്കും. ആറ് ഫ്രാഞ്ചൈസി ടീമുകളുടെ ഉടമകളും ചടങ്ങില്‍ സന്നിഹിതരാകും. ഔദ്യോഗിഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം, രാത്രി 8.30 മുതല്‍ പ്രശസ്ത മ്യൂസിക് ബാന്‍ഡായ ‘അഗം’ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറുമെന്ന് കെസിഎ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഉദ്ഘാടന ചടങ്ങിലേക്കും അതിന് ശേഷം നടക്കുന്ന സംഗീതനിശയിലേക്കും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ്, സെക്രട്ടറി വിനോദ് എസ്.കുമാര്‍, മറ്റു കെസിഎ ഭാരവാഹികള്‍, കെസിഎല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നസീര്‍ മച്ചാന്‍,കെസിഎ അംഗങ്ങള്‍, അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ഉടമകളായ പ്രിയദര്‍ശന്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, ജോസ് തോമസ് പട്ടാര, ഷിബു മത്തായി, റിയാസ് ആദം, ഏരീസ് കൊല്ലം സെയ്ലേഴ്സ് ഉടമ സോഹന്‍ റോയ്, കൊച്ചി ബ്ലൂടൈഗേഴ്സ് ഉടമ സുഭാഷ് ജോര്‍ജ്ജ് മാനുവല്‍, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ഉടമ സഞ്ജു മുഹമ്മദ്, ഫിനെസ് തൃശൂര്‍ ടൈറ്റന്‍സ് ഉടമ സജാദ് സേഠ്, ആലപ്പി റിപ്പിള്‍സ് ഉടമകളായ ടി.എസ് കലാധരന്‍, കൃഷ്ണ കലാധരന്‍, ഷിബു മാത്യു, റാഫേല്‍ തോമസ് എന്നിവര്‍ പങ്കെടുക്കും.

ലീഗിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ 21 മുതല്‍ ആഗസ്റ്റ് 16 വരെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കൊച്ചി, ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ട്രോഫി ടൂറിനോടാടൊപ്പം വിവിധ പരിപാടികള്‍ അരങ്ങേറും. സെലിബ്രിറ്റികള്‍, കായികതാരങ്ങള്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമാകും. ഓരോ ജില്ലകളിലും നാലുദിവസമാണ് പ്രചരണ വാഹനം പര്യടനം നടത്തുക.