ഒരു ഇടവേളയ്ക്ക് ശേഷം മലയാളി താരം കരുൺ നായർ കർണാടക ടീമിലേക്ക് മടങ്ങിയെത്തുന്നു. 2022-ൽ കർണാടക ക്രിക്കറ്റ് അസോസിയേഷനുമായി തെറ്റിപ്പിരിഞ്ഞ് വിദർഭയിലേക്ക് മാറിയ കരുൺ നായർ, പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുകയാണ്. കഴിഞ്ഞ സീസണിൽ മികച്ച ഫോമിലായിരുന്ന താരം രഞ്ജി ട്രോഫിയിൽ 863 റൺസും വിജയ് ഹസാരെ ട്രോഫിയിൽ 779 റൺസും നേടിയിരുന്നു.

ഈ പ്രകടനം ഏഴ് വർഷത്തിന് ശേഷം താരത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിക്കാൻ സഹായിച്ചു.
അതേസമയം, കർണാടക പേസ് ബൗളർ വാസുക്കി കൗശിക് ഗോവയിലേക്ക് മാറാൻ തീരുമാനിച്ചു. ഗോവ ക്രിക്കറ്റ് അസോസിയേഷൻ താരത്തിന് എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകി. ഗോവയുടെ പേസ് ബൗളിംഗ് നിരയെ ശക്തിപ്പെടുത്താൻ അർജുൻ തെണ്ടുൽക്കറിനൊപ്പം കൗശിക്കും ചേരും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 93 വിക്കറ്റുകൾ നേടിയിട്ടുള്ള കൗശിക് ഗോവയുടെ പ്രധാന ബൗളറായിരിക്കും. നേരത്തെ യുവതാരം യശസ്വി ജയ്സ്വാളിനെ സ്വന്തമാക്കാൻ ഗോവ ശ്രമിച്ചിരുന്നുവെങ്കിലും താരം മുംബൈയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.