കഴിഞ്ഞ ദിവസം ബി.സി.സി.ഐയുടെ അനുമതിയില്ലാതെ കരീബിയൻ പ്രീമിയർ ലീഗ് ടീമായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന്റെ ഡ്രസിങ് റൂമിൽ കയറിയതുമായി ബന്ധപ്പെട്ട് നിരുപാധികം മാപ്പ് പറഞ്ഞ് ഇന്ത്യൻ താരം ദിനേശ് കാർത്തിക. ബി.സി.സി.ഐ താരത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെ തുടർന്നാണ് ദിനേശ് കാർത്തിക മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്. മപേക്ഷയിൽ ടീമിന്റെ ഒരു ആക്ടിവിറ്റിയിലും താൻ പങ്കെടുത്തില്ലെന്നും ടീമിൽ ഒരു റോളും തനിക്കില്ലെന്നും കാർത്തിക് വ്യക്തമാക്കി. താരത്തിന്റെ നിരുപാധിക മാപ്പിനെ തുടർന്ന് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർസ് താരത്തിനെതിരെ നടപടികൾ ഒന്നും എടുക്കാൻ സാധ്യതയില്ല.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റൻ ആണ് ദിനേശ് കാർത്തിക്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയെ ഷാരൂഖ് ഖാൻ തന്നെയാണ് ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന്റെയും ഉടമ. കഴിഞ്ഞ ദിവസം നടന്ന കരീബിയൻ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് ട്രിൻബാഗോ ടീമിന്റെ ഡ്രസിങ് റൂമിൽ ജേഴ്സിയണിഞ്ഞ് കൊണ്ട് കാർത്തിക് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നത്. ട്രിൻബാഗോ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിന്റെ കൂടെ നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഇതോടെയാണ് ബി.സി.സി.ഐ കാരണം കാണിക്കൽ നോട്ടീസുമായി മുൻപോട്ട് വന്നത്.