2026-ലെ ടി20 ലോകകപ്പ് ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി. ഏഷ്യാ കപ്പിൽ വൈസ് ക്യാപ്റ്റനായി ഉയർത്തിക്കാട്ടിയ ശേഷം ലോകകപ്പ് ടീമിൽ നിന്ന് ഗില്ലിനെ തഴഞ്ഞത് സെലക്ടർമാരുടെ ഭാഗത്തുനിന്നുള്ള ആസൂത്രണമില്ലായ്മയാണെന്ന് കൈഫ് കുറ്റപ്പെടുത്തി.

ഗില്ലിനെപ്പോലെ ഒരു താരത്തെ ഇത്രയും കാലം ടീമിനൊപ്പം കൊണ്ടുനടന്ന ശേഷം അവസാന നിമിഷം ഒഴിവാക്കിയത് സമയനഷ്ടമാണെന്നും ഇന്ത്യൻ ക്രിക്കറ്റ് ഇതിലൂടെ പുറകോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു. യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, ജിതേഷ് ശർമ്മ തുടങ്ങിയ താരങ്ങളിൽ മുൻപേ തന്നെ സമയം നിക്ഷേപിക്കാമായിരുന്നുവെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.
ടി20 ഫോർമാറ്റിൽ ഗില്ലിനേക്കാൾ മികച്ച താരങ്ങൾ നിലവിലുണ്ടെന്ന് സെലക്ടർമാർക്ക് അറിയാമായിരുന്നിട്ടും അനാവശ്യമായ പരീക്ഷണങ്ങൾ നടത്തി ടീമിന്റെ തയ്യാറെടുപ്പുകളെ ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









