ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ തികക്കുന്ന മൂന്നാമത്തെ താരമായി ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ കാഗിസോ റബാഡ. പാക്കിസ്ഥാനെതിരായ ടെസ്റ്റിൽ ഹസൻ അലിയുടെ വിക്കറ്റ് വീഴ്ത്തിയാണ് റബാഡ 200 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടം തികച്ചത്. തന്റെ 44മത്തെ ടെസ്റ്റിലാണ് റബാഡ 200 വിക്കറ്റ് നേട്ടം തികച്ചത്.
7730 പന്തുകൾ എറിഞ്ഞതിൽ നിന്ന് 200 വിക്കറ്റുകൾ വീഴ്ത്തിയ വഖാർ യൂനിസിനും 7730 പന്തുകളിൽ നിന്ന് 200 വിക്കറ്റുകൾ വീഴ്ത്തിയ ഡെയ്ൽ സ്‌റ്റെയ്‌നിനും പിറകിലായി 8154 പന്തുകളിൽ നിന്നാണ് റബാഡ ഈ നേട്ടം കൈവരിച്ചത്. 200 ടെസ്റ്റ് വിക്കറ്റുകൾ തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരം കൂടിയാണ് റബാഡ. വഖാർ യൂനിസ്, കപിൽ ദേവ്, ഹർഭജൻ സിങ് എന്നിവരാണ് റബാഡയെക്കാൾ കുറഞ്ഞ പ്രായത്തിൽ 200 വിക്കറ്റ് തികച്ച മറ്റു താരങ്ങൾ.
ടെസ്റ്റിൽ 200 വിക്കറ്റ് നേട്ടം തികക്കുന്ന എട്ടാമത്തെ ദക്ഷിണാഫ്രിക്കൻ താരമാണ് റബാഡ. 439 വിക്കറ്റുകൾ വീഴ്ത്തിയ ഡെയ്ൽ സ്റ്റെയ്ൻ ആണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ താരം.