മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റിങ്ങിൽ ആധിപത്യം തുടർന്നു. മൂന്നാം ദിനം മൂന്നാം സെഷനിലേക്ക് കടക്കുമ്പോൾ 75 റൺസിന്റെ ലീഡും ആറ് വിക്കറ്റും കൈവശമുള്ള ഇംഗ്ലണ്ട്, ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. ഇംഗ്ലണ്ട് ടോപ് ഓർഡർ ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ മികച്ച പ്രകടനമാണ് നടത്തിയത്.

ഓപ്പണർമാരായ സാക്ക് ക്രോളിയും ബെൻ ഡക്കറ്റും ചേർന്ന് 166 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും സെഞ്ച്വറിക്ക് തൊട്ടടുത്ത് വെച്ച് പുറത്തായി. ക്രോളി 84 റൺസെടുത്ത് രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റ് നൽകി മടങ്ങിയപ്പോൾ, ബെൻ ഡക്കറ്റ് 100 പന്തിൽ 94 റൺസെടുത്ത് അൻഷുൽ കാംബോജിന് തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് സമ്മാനിച്ചു. രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഇംഗ്ലണ്ടിന്റെ സ്കോറിംഗ് വേഗതയ്ക്ക് കുറവുണ്ടായില്ല.
ഇന്ന് ഓല്ലി പോപ്പും ജോ റൂട്ടും ചേർന്ന് 144 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പോപ്പ് 71 റൺസ് നേടി ഭദ്രമായി ഒരു അറ്റത്ത് നിലയുറപ്പിച്ചു. വാഷിംഗ്ടൺ സുന്ദർ പോപ്പിനെ പുറത്താക്കി. പിന്നാലെ ഹാരി ബ്രൂക്കിനെയും സുന്ദർ വേഗത്തിൽ പുറത്താക്കിയത് ഇന്ത്യക്ക് നേരിയ പ്രതീക്ഷ നൽകി.
എന്നാൽ, ജോ റൂട്ട് തന്റെ മാസ്റ്റർ ക്ലാസ് ബാറ്റിംഗ് തുടർന്നു. ക്ഷമാപൂർവ്വവും കരുത്തുറ്റതുമായ പ്രകടനത്തിലൂടെ റൂട്ട് തന്റെ 38-ാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കി. ചായക്ക് പിരിയുമ്പോൾ 121 റൺസുമായി റൂട്ട് പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 68 പന്തിൽ 36 റൺസെടുത്ത് റൂട്ടിന് മികച്ച പിന്തുണ നൽകി.
102 ഓവറിൽ 433/4 എന്ന നിലയിലാണ് ഇംഗ്ലണ്ട്. രണ്ടാം സെഷനിൽ മാത്രം അവർ 101 റൺസ് നേടി. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും നീണ്ട സ്പെല്ലുകൾ എറിഞ്ഞിട്ടും വിക്കറ്റ് നേടാൻ കഴിഞ്ഞില്ല.