ഫെബ്രുവരി 6 ന് നാഗ്പൂരിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അപ്‌ഡേറ്റ് ചെയ്ത ഏകദിന ടീമിൽ നിന്ന് ജസ്പ്രീത് ബുംറയെ ഒഴിവാക്കി. ബുംറയെ ആദ്യം ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, ഫാസ്റ്റ് ബൗളർ പുറംവേദനയിൽ നിന്ന് സുഖം പ്രാപിച്ചുവരികയാണെന്നതിനാൽ താരത്തെ ഒഴിവാക്കുക ആയിരുന്നു.
സിഡ്‌നിയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്, ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിൽ പന്തെറിയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആദ്യ രണ്ട് ഏകദിനങ്ങളിൽ ബുംറയ്ക്ക് കളിക്കാൻ കഴിയില്ലെന്ന് സീനിയർ സെലക്ടർ അജിത് അഗാർക്കർ ജനുവരിയിൽ സ്ഥിരീകരിച്ചിരുന്നു. അഞ്ച് ആഴ്ചത്തെ വിശ്രമം ബുംറയ്ക്ക് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഫിറ്റ്നസ് മെഡിക്കൽ ടീം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പരാമർശിച്ചു. കൂടുതൽ വിലയിരുത്തലിനായി ഫെബ്രുവരി 3 ന് ബുംറ ബെംഗളൂരുവിൽ എത്തി. ചാമ്പ്യൻസ് ട്രോഫിയിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ബുംറയുടെ അഭാവത്തിൽ, പേസർമാരായ മുഹമ്മദ് ഷാമി, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരെയാണ് ഇന്ത്യ പരമ്പരയ്ക്കായി ആശ്രയിക്കുന്നത്. അതേസമയം, അടുത്തിടെ നടന്ന ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം സ്പിന്നർ വരുൺ ചക്രവർത്തിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.