ടെസ്റ്റ് ടീമിലേക്ക് ജേസണ്‍ റോയിയെ പരിഗണിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇംഗ്ലണ്ടിന്റെ ദേശീയ സെലക്ടര്‍ എഡ് സ്മിത്ത്. ജേസണ്‍ റോയ് മുമ്പെങ്ങുമില്ലാത്തതിലും പൂര്‍ണ്ണത കൈവരിച്ച താരമാണെന്നാണ് എഡ് സ്മിത്തിന്റെ അഭിപ്രായം. അയര്‍ലണ്ടിനെതിരെ ഇംഗ്ലണ്ടിന്റെ 13 അംഗ സ്ക്വാഡിലേക്കാണ് റോയിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടീമില്‍ ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുവാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഈ ടെസ്റ്റ് കഴിഞ്ഞ് ഉടന്‍ തന്നെ ആഷസ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിക്കുമ്പോള്‍ ആ ടീമില്‍ റോയിയ്ക്ക് ഇടം ലഭിയ്ക്കുവാന്‍ സാധ്യതയുണ്ടെന്നാണ് ലഭിയ്ക്കുന്ന സൂചന.
പരിക്കില്ലായിരുന്നുവെങ്കില്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ റോയി കളിക്കേണ്ടിയിരുന്നതാണെന്നാണ് എഡ് സ്മിത്ത് പറയുന്നത്. റോയിയെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലെത്തിക്കുക എന്നത് ദീര്‍ഘമായ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും സ്മിത്ത് പറഞ്ഞു. സെലക്ടര്‍മാര്‍ ജേസണ്‍ റോയിയുടെ ആരാധകരാണെന്നത് വലിയ രഹസ്യമൊന്നുമല്ല. മാസങ്ങള്‍ക്ക് മുമ്പ് ലോകകപ്പില്‍ മികവ് പുലര്‍ത്തുന്ന റോയിയെക്കുറിച്ച് താനും ജോ റൂട്ടും മാസങ്ങള്‍ക്ക് മുമ്പ് സംസാരിച്ചിട്ടുണ്ട്.
ലോകകപ്പില്‍ ഇഷ്ടം പോലെ റണ്‍സ് നേടുന്ന റോയിയെ ആഷസിലേക്ക് ഉള്‍പ്പെടുത്തണമെന്നാണ് അന്ന് തീരുമാനിച്ചത്. അതാണ് ഞങ്ങള്‍ ഇപ്പോള്‍ ചെയ്തതത്. അയര്‍ലണ്ടിനെതിരെ റോയിയ്ക്ക് പരിക്ക് ഏല്‍ക്കുന്നില്ലെങ്കില്‍ താരം ആഷസ് പരമ്പരയ്ക്കും ഉണ്ടാകുമെന്ന് എഡ് സമിത്ത് പറഞ്ഞു.