ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ ഫിറ്റ്നസ് വീണ്ടെടുക്കാൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയിൽ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് ആൻഡേഴ്സൺ തന്റെ ഫിറ്റ്നസ് വീണ്ടെടുക്കാൻ മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാമ്പസിൽ പോവുമെന്ന് അറിയിച്ചത്. ഏകദേശം രണ്ട് മാസത്തോളം ആൻഡേഴ്സൺ മാഞ്ചസ്റ്റർ സിറ്റിയിൽ ചിലവഴിക്കും.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ സ്പോർട്സ് സയൻസ് ടീമിന്റെ കൂടെയാണ് ആൻഡേഴ്സൺ മാഞ്ചസ്റ്റർ സിറ്റി ക്യാമ്പസിൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തുക. ജൂലൈയിൽ കൗണ്ടിയിൽ കളിക്കുന്നതിനിടെ പരിക്കേറ്റ ആൻഡേഴ്സൺ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നാല് ഓവറുകൾ എറിഞ്ഞെങ്കിലും പരിക്കിനെ തുടർന്ന് പുറത്ത് പോവുകയായിരുന്നു. തുടർന്ന് ആഷസ് പരമ്പരയിലെ ഒരു മത്സരം പോലും താരം കളിച്ചിരുന്നില്ല.
ഡിസംബറിൽ തുടങ്ങുന്ന സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പരക്ക് താരത്തിന്റെ ഫിറ്റ്നസ് വീണ്ടെടുക എന്ന ഉദ്ദേശത്തോടെയാണ് താരത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് മാഞ്ചസ്റ്റർ സിറ്റി ക്യാമ്പസിൽ അയക്കുന്നത്. അതെ സമയം നവംബറിലും ഡിസംബറിലും നടക്കുന്ന ന്യൂസിലാൻഡ് പരമ്പരയിൽ താരത്തിന് പരിക്ക് മാറി തിരിച്ചെത്താനാവില്ല.