ടൂര്‍ ആരംഭിച്ച സമയത്ത് ജഡേജയ്ക്ക് യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്നും താരത്തിന്റെ ഫിറ്റ്നെസ്സില്‍ പരിപൂര്‍ണ്ണ തൃപ്തിയുള്ളതിനാല്‍ മാത്രമാണ് തങ്ങള്‍ ടൂറിലേക്ക് താരത്തെ പരിഗണിച്ചതെന്നും പറഞ്ഞ് മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. രണ്ടാം ടെസ്റ്റില്‍ അശ്വിനു പരിക്കേറ്റപ്പോള്‍ ജഡേജയെ കളിപ്പിക്കാതെ പകരം സ്പിന്നറില്ലാതെയാണ് ഇന്ത്യ മത്സരത്തിലിറങ്ങിയത്. മത്സരത്തില്‍ നഥാന്‍ ലയണ്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം നേടിയപ്പോള്‍ ഇന്ത്യയ്ക്ക് മുഖ്യധാര സ്പിന്നറില്ലാതിരുന്നത് തിരിച്ചടിയാകുകയായിരുന്നു. ഹനുമ വിഹാരിയാണ് പാര്‍ട്ട് ടൈം സ്പിന്നറുടെ റോള്‍ അന്ന് ഏറ്റെടുത്തത്.
ഇന്ത്യയുടെ ആ തീരുമാനം ഏറെ പഴികേള്‍ക്കാനിടയാക്കിയപ്പോള്‍ മുഖ്യ കോച്ച് പിന്നീട് വിശദീകരണവുമായി എത്തിയിരുന്നു. മാച്ച് ഫിറ്റ് അല്ലാത്തതിനാലാണ് ജഡേജയെ മത്സരിപ്പിക്കാഞ്ഞതെന്ന് രവി ശാസ്ത്രി പറയുമ്പോളും താരം പകരക്കാരനായി 20ലധികം ഓവറുകള്‍ ഫീല്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ മൂന്നാം ടെസ്റ്റിന്റെ ഇലവനിലും ജഡേജ ഇടം പിടിച്ചു.
ടൂര്‍ ആരംഭിക്കുന്നതിനു മുമ്പ് എല്ലാ താരങ്ങളുടെയും ഫിറ്റ്നെസ് പരിശോധിച്ച ശേഷം മാത്രമാണ് സെലക്ടര്‍മാര്‍ താരങ്ങളെ തിരഞ്ഞഞെടുക്കുന്നത്. അതിനാല്‍ തന്നെ താരം അന്ന് സെലക്ഷന്‍ സമയത്ത് താരം ഫിറ്റായിരുന്നുവെന്നും പ്രസാദ് പറഞ്ഞു.