കൗണ്ടി ക്രിക്കറ്റില്‍ വിവിധ തരം പിച്ചുകള്‍ ആവശ്യമെന്ന് പറഞ്ഞ് ഇംഗ്ലണ്ട് സ്പിന്നറും സോമര്‍സെറ്റ് താരവുമായി ജാക്ക് ലീഷ്. താരത്തിന്റെ കൗണ്ടി അടുത്തിടെയായി സ്പിന്‍ അനുകൂലമായ പിച്ചുകള്‍ ഒരുക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ അഭിപ്രായം ജാക്ക് ലീഷ് പറഞ്ഞത്. പൊതുവേ ഇംഗ്ലീഷ് കൗണ്ടികള്‍ പേസ് അനുകൂല പിച്ചുകളാണ് തയ്യാറാക്കുന്നത്. എന്നാല്‍ പേസ് മാത്രമല്ല വിവിധ തരം പിച്ചുകളില്‍ കളിച്ച് ശീലിക്കുവാന് കൗണ്ടികളില്‍ ഇതു പോലെ പലതരം പിച്ചുകള്‍ ഉണ്ടാക്കണമെന്നാണ് ജാക്ക് ലീഷ് ആവശ്യപ്പെടുന്നത്.
സ്പിന്‍ പിച്ചുകളെ മോശം കാര്യമായി കരുതേണ്ടതില്ല. ഇംഗ്ലണ്ട് ആന്റിഗ്വയിലെ പോലുള്ള പിച്ച് കൗണ്ടിയില്‍ അഭിമുഖീകരിച്ചിട്ടുണ്ടാവില്ലെന്ന് പറഞ്ഞ ജാക്ക് ലീഷ് എല്ലാ തരത്തിലുള്ള പിച്ചുകളും കൗണ്ടിിലുണ്ടാവണമെന്ന് പറഞ്ഞു.
ഇംഗ്ലണ്ട് ടീമിനൊപ്പം തനിക്കുള്ള അനുഭവം രണ്ട് തലങ്ങളിലായിട്ടുള്ളതാണെന്നും ജാക്ക് ലീഷ് തുറന്നു പറഞ്ഞു. ശ്രീലങ്കയില്‍ ഇംഗ്ലണ്ട് ആധികാരിക വിജയം കരസ്ഥമാക്കിയപ്പോള്‍ വിന്‍ഡീസില്‍ നാണക്കേടാണ് ടീമിനെ കാത്തിരുന്നത്. പരമ്പര നഷ്ടമായെങ്കിലും സെയിന്റ് ലൂസിയയില്‍ തിരിച്ചുവരവ് നടത്തിയില്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ ആത്മാഭിമാനം കൈവിടുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ തന്നെ ശക്തമായ തിരിച്ചുവരവ് ഇംഗ്ലണ്ട് നടത്തുമെന്ന് താരം പ്രതീക്ഷ പ്രകടിപ്പിച്ചു.
ആദ്യ രണ്ട് ടെസ്റ്റുകളിലെ പിച്ചിനെ അപേക്ഷിച്ച് സെയിന്റ് ലൂസിയയില്‍ സ്പിന്നിനും ആനുകൂല്യം ലഭിക്കുമെന്നുള്ളതിനാല്‍ ജാക്ക് ലീഷിനെയും മത്സരത്തില്‍ പരിഗണിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.