ന്യൂസിലാൻഡ് പരമ്പരക്ക് തൊട്ടുമുൻപ് ഇഷാന്ത് ശർമ്മക്ക് പരിക്ക്

Staff Reporter

ന്യൂസിലാൻഡ് പരമ്പരക്ക് ദിവസങ്ങൾ മാത്രം ബാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മക്ക് പരിക്ക്. രഞ്ജി ട്രോഫി മത്സരത്തിൽ ഡൽഹിക്ക് വേണ്ടി കളിക്കുമ്പോഴാണ് ഇഷാന്ത് ശർമ്മക്ക് പരിക്കേറ്റത്. വിദർഭക്കെതിരെയായിരുന്നു ഡൽഹിയുടെ രഞ്ജി ട്രോഫി മത്സരം. ഈ സീസണിലെ ഇഷാന്ത് ശർമയുടെ അവസാന രഞ്ജി ട്രോഫി മത്സരം കൂടിയായിരുന്നു ഇത്.

വിദർഭക്കെതിരെ രഞ്ജി മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ബൗൾ ചെയ്തു കഴിഞ്ഞ് എൽ.ബി.ഡബ്ലിയുവിന് വേണ്ടി അമ്പയറോഡ് അപ്പീൽ ചെയ്യുന്നതിനിടെ ഇഷാന്ത് ശർമ്മ തെന്നി വീഴുകയായിരുന്നു. ആംഗിളിന് പരിക്കേറ്റ ഇഷാന്ത് ശർമ്മ വേദനകൊണ്ട് പുളഞ്ഞാണ് സപ്പോർട്ടിങ് സ്റ്റാഫിന്റെ കൂടെ ഗ്രൗണ്ട് വിട്ടത്. താരത്തിന്റെ പരിക്കിന്റെ വ്യാപ്തി ഇതുവരെ വ്യക്തമല്ല. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഉണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന താരമാണ് ഇഷാന്ത് ശർമ്മ. ന്യൂസിലാൻഡിനെതിരെ ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുക.