ഇഷാന്തിന്റെ പരിക്ക് ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ഭേദമാകുമെന്ന് സൂചന

Sports Correspondent

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ അവസാന ദിവസം പരിക്കേറ്റ ഇഷാന്ത് ശര്‍മ്മയ്ക്ക് നിരവധി തുന്നലുകള്‍ ആവശ്യമായി വന്നിരുന്നുവെന്നും എന്നാൽ താരം ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ഫിറ്റായി വീണ്ടും ബൗളിംഗിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ മാനേജ്മെന്റ് അറിയിച്ചു.

ഫൈനലിന്റെ അവസാനത്തെ ഓവറിന് തൊട്ടുമുമ്പാണ് താരത്തിന് ഫീൽഡിംഗിനിടെ പരിക്കേറ്റത്. ചോരയൊലിക്കുന്ന കൈയ്യുമായാണ് താരം ഫീൽഡ് വിട്ടത്. വലത് കൈയ്യുടെ നടുവിരലിനും നാലാം വിരലിനുമാണ് താരത്തിന് തുന്നല്‍ വേണ്ടി വന്നത്.

എന്നാൽ പരിക്ക് അത്ര ഗുരുതരമല്ലെന്ന് ബിസിസിഐ വക്താവ് അറിയിച്ചു. പത്ത് ദിവസത്തിന് ശേഷം തുന്നൽ ഇളക്കാമെന്നും ഇഷ്ടം പോലെ സമയം ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പുള്ളതിനാൽ തന്നെ പരിക്ക് ഭേദമായി താരം മടങ്ങിയെത്തുമെന്നുമാണ് ഇന്ത്യയുടെ പ്രതീക്ഷ.