ഇന്ത്യൻ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയാണെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇർഫാൻ പത്താൻ. വെസ്റ്റിന്ഡീസിനെതിരായ പരമ്പരയിൽ ബുംറയുടെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യൻ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം ബുംറയാണെന്ന് ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടത്.
ബുംറ ഇന്ത്യക്ക് വേണ്ടി കളിക്കുന്നില്ലെങ്കിൽ അത് ഇന്ത്യക്ക് കനത്ത നഷ്ടമാണെന്നും ഇത് പോലെയൊരു താരത്തെ കിട്ടിയത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗ്യമാണെന്നും മുൻ ഫാസ്റ്റ് ബൗളർ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ടീം ബുംറയെ മികച്ച രീതിയിൽ പരിചരിക്കണമെന്നും ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും തിളങ്ങാൻ കഴിവുള്ള താരമാണ് ബുംറയെന്നും ഇർഫാൻ പത്താൻ പറഞ്ഞു.
വെസ്റ്റിൻഡീസിനെതിരെയുള്ള പരമ്പരയിൽ 13 വിക്കറ്റുകൾ നേടി ബുംറ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. രണ്ടു ടെസ്റ്റിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുംറ രണ്ടാം ടെസ്റ്റിൽ ഹാട്രിക്കും നേടിയിരുന്നു. ഹർഭജൻ സിംഗിനും ഇർഫാൻ പത്താനും ശേഷം ടെസ്റ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായിരുന്നു ബുംറ. ബുംറ തന്റെ കരിയറിൽ നേടുന്ന അവസാന ഹാട്രിക് ആവില്ല ഇതെന്നും ഇനിയും ഹാട്രിക്കുകൾ ബുംറ നേടുമെന്നും ഇർഫാൻ പത്താൻ പറഞ്ഞു.