ആവേശ ജയവുമായി അയര്‍ലണ്ട്, ഇംഗ്ലണ്ടിനെതിരെ ഒരു പന്ത് ശേഷിക്കെ 7 വിക്കറ്റ് വിജയം

- Advertisement -

ഇംഗ്ലണ്ടിനെതിരെ ആവേശകരമായ 7 വിക്കറ്റ് വിജയം സ്വന്തമാക്കി അയര്‍ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓയിന്‍ മോര്‍ഗന്‍(106), ടോം ബാന്റണ്‍(58), ഡേവിഡ് വില്ലി(51), ടോം കറന്‍(38*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 328 റണ്‍സെന്ന വലിയ സ്കോര്‍ നേടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 400ന് മേലുള്ള സ്കോറിലേക്ക് ഇംഗ്ലണ്ട് കുതിയ്ക്കുമെന്ന് കരുതിയെങ്കില്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി അയര്‍ലണ്ടിന് റണ്ണൊഴുക്കിന് തടയിടുവാന്‍ കഴിഞ്ഞിരുന്നു.

പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്രൂ ബാല്‍ബിര്‍ണേ എന്നിവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരം അയര്‍ലണ്ട് പക്ഷത്തേക്ക് നീക്കിയത്. ഓപ്പണര്‍ സ്റ്റിര്‍ലിംഗ് 128 പന്തില്‍ നിന്ന് 9 ഫോറും 6 സിക്സും സഹിതം 142 റണ്‍സ് നേടിയപ്പോള്‍ ബാല്‍ബിര്‍ണേ 113 റണ്‍സാണ് നേടിയത്. ഇരുവരും ചേര്‍ന്ന് 214 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

ഇരുവരും പുറത്തായ ശേഷം ഹാരി ടെക്ടര്‍(29*), കെവിന്‍ ഒ ബ്രൈന്‍(21*) എന്നിവര്‍ ചേര്‍ന്ന് ടീമിനെ വിജയ തീരത്തേക്ക് നയിക്കുകയായിരുന്നു. അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു ജയിക്കുവാനായി അയര്‍ലണ്ടിന് വേണ്ടിയിരുന്നത്. സാഖിബ് മഹമ്മൂദ് എറിഞ്ഞ ഓവറില്‍ ഒരു പന്ത് അവശേഷിക്കെ ആയിരുന്നു ടീമിന്റെ വിജയം.

Advertisement