വീണ്ടും തകര്‍ത്തടിച്ച് ഹസ്രത്തുള്ള സാസായി, അവസാന ഓവറുകളില്‍ പിടിച്ചുകെട്ടി അയര്‍ലണ്ട്

- Advertisement -

അഫ്ഗാനിസ്ഥാന്റെ പുതിയ രക്ഷകനായി ഹസ്രത്തുള്ള സാസായി വീണ്ടും. 8/2 എന്ന നിലയില്‍ നിന്ന് ടീമിനെ കരകയറ്റിയ ഹസ്രത്തുള്ളയും അസ്ഗര്‍ അഫ്ഗാനും(സ്റ്റാനിക്സായി) ചേര്‍ന്നാണ് ടീമിനെ രക്ഷിച്ചത്. ഇന്ന് അയര്‍ലണ്ടിനെതിരെയുള്ള രണ്ടാം ടി20യിലും ആദ്യ മത്സരത്തിലേത് പോലെ താരം വെടിക്കെട്ട് പ്രകടനം പുറത്തെടുത്തപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടുകയായിരുന്നു. 54 പന്തില്‍ നിന്ന് 6 ബൗണ്ടറിയും 7 സിക്സും സഹിതം 82 റണ്‍സാണ് സാസായി നേടിയത്. അസ്ഗര്‍ അഫ്ഗാന്‍ 37 റണ്‍സ് നേടി.

ഒരു ഘട്ടത്തില്‍ 124/2 എന്ന നിലയില്‍ നിന്ന് അവസാന ഓവറുകളില്‍ വിക്കറ്റുകളുമായി അഫ്ഗാനിസ്ഥാന്റെ കുതിപ്പ് ഒരു പരിധി വരെ തടയുവാന്‍ അയര്‍ലണ്ടിനായി. പീറ്റര്‍ ചേസ് മൂന്നും ബോയഡ് റാങ്കിന്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ജോഷ്വ ലിറ്റില്‍, ജോര്‍ജ്ജ് ഡോക്രെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Advertisement