സിംബാബ്‍വേയ്ക്കെതിരെ 4 വിക്കറ്റ് വിജയവുമായി അയര്‍ലണ്ട്

Sports Correspondent

സിംബാബ്‍വേയുടെ അയര്‍ലണ്ട് പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തോല്‍വിയോടെ തുടക്കം. ഇന്നലെ നടന്ന മത്സരത്തില്‍ സിംബാ‍ബ്‍വേ ആദ്യം ബാറ്റ് ചെയ്ത് 254 റണ്‍സ് നേടിയപ്പോള്‍ അയര്‍ലണ്ട് 4 വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തില്‍ 48.3 ഓവറിലാണ് അയര്‍ലണ്ട് വിജയം കൈപ്പിടിയലൊതുക്കിയത്.

സിംബാബ്‍വേയ്ക്ക് വേണ്ടി ക്രെയിഗ് എര്‍വിന്‍ 105 റണ്‍സ് നേടി തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാത്തതാണ് ടീമിന് തിരിച്ചടിയായത്. ടീമിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ 49 റണ്‍സ് നേടി പുറത്താകാതെ നിന്ന റയാന്‍ ബര്‍ള്‍ ആയിരുന്നു. മറ്റു താരങ്ങളില്‍ ഷോണ്‍ വില്യംസ് 28 റണ്‍സ് നേടി പുറത്തായി. അയര്‍ലണ്ടിന് വേണ്ടി മാര്‍ക്ക് അഡൈര്‍ നാല് വിക്കറ്റ് നേടി. 9 വിക്കറ്റുകളാണ് സിംബാബ്‍വേയ്ക്ക് നഷ്ടമായത്.

101 റണ്‍സ് നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയ്ക്കൊപ്പം 57 റണ്‍സുമായി പോള്‍ സ്റ്റിര്‍ലിംഗും ജെയിംസും തിളങ്ങിയാണ് അയര്‍ലണ്ട് 48.3 ഓവറില്‍ വിജയ ലക്ഷ്യം മറികടന്നത്. കൈല്‍ ജാര്‍വിസ് 2 വിക്കറ്റും ടെണ്ടായി ചതാര 3 വിക്കറ്റും സിംബാബ്‍വേയ്ക്ക് വേണ്ടി നേടി.