7 വർഷത്തിനിടെ അഫ്ഗാനിസ്ഥാനെതിരെ തങ്ങളുടെ ആദ്യ ടി20 ജയം സ്വന്തമാക്കി അയർലണ്ട്. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ അവസാന പന്തിൽ സിക്സറടിച്ചാണ് അയർലണ്ട് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്. സൂപ്പർ ഓവറിൽ അവസാന പന്തിൽ ജയിക്കാൻ മൂന്ന് റൺസ് വേണമെന്നിരിക്കെയാണ് കെവിൻ ഒബ്രെയ്ൻ സിക്സ് അടിച്ച് അയർലണ്ടിന് ജയം നേടിക്കൊടുത്തത്. നേരത്തെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച അഫ്ഗാനിസ്ഥാൻ 2-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയർലണ്ട് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 142 റൺസാണ് എടുത്തത്. അയർലണ്ടിന് വേണ്ടി 37 റൺസ് എടുത്ത ഡെലാനിയും 31 റൺസ് എടുത്ത ടെക്റ്ററും മികച്ച പ്രകടനം പുറത്തെടുത്തു. തുടർന്ന് ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനും 7 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എടുത്ത് മത്സരം സൂപ്പർ ഓവറിൽ എത്തിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി 42 റൺസ് എടുത്ത റഹ്മാനുള്ളാ ഗുർബാസും 32 റൺസ് എടുത്ത അസ്‌ഗർ അഫ്ഗാനുമാണ് മത്സരം സൂപ്പർ ഓവറിൽ എത്തിച്ചത്.
തുടർന്ന് സൂപ്പർ ഓവറിലേക്ക് നീങ്ങിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 8 റൺസ് മാത്രമാണ് എടുത്തത്. എന്നാൽ ആദ്യ 5 പന്തുകളിൽ 6 റൺസ് മാത്രം വിട്ടു നൽകി അഫ്ഗാൻ വിജയ പ്രതീക്ഷ നിലനിർത്തിയെങ്കിലും അവസാന പന്തിൽ സിക്സറടിച്ച് കെവിൻ ഒബ്രെയ്ൻ അയർലണ്ടിന് വിജയം നേടികൊടുക്കുകയായിരുന്നു.