അവിശ്വസനീയം, അത്ഭുതം, ലോകം കണ്ട മികച്ച ഫീല്‍ഡിംഗ് ശ്രമവുമായി നിക്കോളസ് പൂരന്‍

Nicholaspooran

പല അത്ഭുത ഫീല്‍ഡിംഗ് പ്രകടനങ്ങളും ക്രിക്കറ്റ് ലോകം കണ്ടിട്ടുള്ളതാണെങ്കിലും ഇത് പോലെ ഒന്ന് കാഴ്ചയില്‍ നിന്നൊരിക്കലും മാഞ്ഞ് പോകില്ല എന്ന് സൂചിപ്പിക്കുന്നതായിരുന്നു ഇന്ന് നിക്കോളസ് പൂരന്‍ ബൗണ്ടറിയില്‍ നടത്തിയത്. 224 റണ്‍സെന്ന പടുകൂറ്റന്‍ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ രാജസ്ഥാന്‍ തുടക്കത്തില്‍ ജോസ് ബട്‍ലറെ നഷ്ടമായ ശേഷം സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും മുന്നോട്ട് നയിക്കുന്നതിനിടയിലാണ് അവിശ്വസനീയമായ ഒരു ഫീല്‍ഡിംഗ് പ്രകടനം ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്.

മുരുഗന്‍ അശ്വിന്‍ എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്ത് സഞ്ജു സിക്സര്‍ പറത്തിയെന്ന് ഏവരും വിശ്വസിച്ച നിമിഷത്തിലാണ് ബൗണ്ടറി ലൈനില്‍ ഒരാള്‍ പറന്ന് പോകുന്നത് കണ്ടത്. റോപ്പിനു മുകളിലൂടെ ഒരാള്‍ നീളത്തില്‍ ചാടിയുയര്‍ന്ന നിക്കോളസ് പൂരന്‍ പന്ത് കൈപ്പിടിയിലൊതുക്കിയ ശേഷം ഗ്രൗണ്ടില്‍ തൊടുന്നതിന് തൊട്ട് മുമ്പ് പന്ത് തിരികെ ഗ്രൗണ്ടിലേക്ക് ഇടുകയായിരുന്നു.

ക്യാച്ച് പൂര്‍ത്തിയാക്കുവാന്‍ കിംഗ്സ് ഇലവന്‍ താരങ്ങള്‍ക്ക് സാധിച്ചില്ലെങ്കിലും സിക്സെന്നുറച്ച ഒരു അവസരമാണ് വെറും രണ്ട് റണ്‍സില്‍ നിക്കോളസ് പൂരന്‍ ഒതുക്കിയത്. താന്‍ കണ്ട ഏറ്റവും മികച്ച ഫീല്‍ഡിംഗ് ശ്രമമെന്നാണ് കമന്റേറ്റര്‍ കെവിന്‍ പീറ്റേഴ്സണ്‍ ഇതിനെ വിശേഷിപ്പിച്ചത്.

Previous articleസഞ്ജു സാംസൺ ആണ് താരം, സിക്സിൽ സെഞ്ചറി!!
Next articleഗ്വാർഡിയോള തന്ത്രങ്ങൾ തരിപ്പണം, മാഞ്ചസ്റ്ററിൽ വന്ന് ലെസ്റ്റർ വിളയാട്ട്!!