ഹെറ്റ്മ്യര്‍ പൊരുതി, പന്ത് പതറി

Panthetmyer

അവസാന നാലോവറിലേക്ക് മത്സരം കടക്കുമ്പോള്‍ 24 പന്തില്‍ നിന്ന് 56 റണ്‍സായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് നേടേണ്ടിയിരുന്നത്. വമ്പനടിക്കാരായ ഷിമ്രണ്‍ ഹെറ്റ്മ്യറും ഋഷഭ് പന്തും ആയിരുന്നു ക്രീസിലെങ്കിലും ആരും ഡല്‍ഹിയ്ക്ക് അവിടെ സാധ്യത കല്പിച്ചിരുന്നില്ല ആ ഘട്ടത്തില്‍. 37 പന്തില്‍ 39 റണ്‍സ് നേടി പന്തും 12 പന്തില്‍ 18 റണ്‍സ് നേടി ഹെറ്റ്മ്യറും ആയിരുന്നു ആ ഘട്ടത്തില്‍ ക്രീസില്‍.

പന്തിന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ റണ്‍സ് കണ്ടെത്തുവാന്‍ അതുവരെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് 11 പന്ത് നേരിട്ട താരം 21 റണ്‍സ് നേടിയെങ്കിലും തുടക്കത്തില്‍ താരത്തിന് സ്കോറിംഗ് വേഗത ഉയര്‍ത്തുവാന്‍ കഴിയാതെ പോയതിന് വലിയ വിലയാണ് ഡല്‍ഹി കൊടുക്കേണ്ടി വന്നത്.

ആ ഘട്ടത്തില്‍ നിന്ന് ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ഒറ്റയ്ക്ക് ഡല്‍ഹിയുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തിയെങ്കിലും സിറാജ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ നാല് പന്തില്‍ വലിയ ഷോട്ടുകള്‍ പിറക്കാതെ പോയത് ഡല്‍ഹിയ്ക്ക് തിരിച്ചടിയായി. പിന്നീടുള്ള 11 പന്തില്‍ 35 റണ്‍സാണ് ഹെറ്റ്മ്യര്‍ നേടിയതെങ്കിലും അവസാന ഓവറില്‍ താരത്തിന് ഒരു പന്താണ് സ്ട്രൈക്ക് കിട്ടിയത്.