തന്നെ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന് ടീമിലേക്ക് തിരഞ്ഞെടുത്തത് എങ്ങനെയെന്ന് വെളിപ്പെടുത്തി സഞ്ജു സാംസണ്‍

- Advertisement -

തന്നെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ കളിക്കുവാന്‍ അവസരം നല്‍കിയതിന് സഞ്ജു സാംസണ്‍ നന്ദി പറയുന്നത് രാഹുല്‍ ദ്രാവിഡിനോടാണ്. പണ്ട് ടീമില്‍ ട്രയല്‍സ് നടത്തിയ അവസരത്തില്‍ താനും അതില്‍ പങ്കെടുത്തുവെന്നും അന്ന് ട്രയല്‍സിന്റെ രണ്ടാം ദിവസം രാഹുല്‍ ദ്രാവിഡ് തന്നോട് രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കുവാന്‍ താല്പര്യമുണ്ടോയെന്ന് ചോദിക്കുകയായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി. അന്ന് ടീമിന്റെ നായകനായിരുന്നു രാഹുല്‍ ദ്രാവിഡ്.

ടീമിലെത്തി ആദ്യ ആറ് മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. പിന്നീട് പതുക്കെ തന്റെ പ്രകടനങ്ങളിലൂടെ സഞ്ജു തന്റെ ടീമിലെ സ്ഥാനം ഉറപ്പിക്കുകയും ടീമിലെ തന്നെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു. തന്റെ 18ാം വയസ്സിനുള്ള ഐപിഎല്‍ അര്‍ദ്ധ ശതകം നേടിയ സഞ്ജു ഈ നേട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 2013ല്‍ മാറി.

രാഹുല്‍ ദ്രാവിഡ് താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും എളിമയുള്ള താരമാണെന്നും രാഹുല്‍ സാറിനോടൊപ്പം 2013ല്‍ ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ സാധിച്ചത് സ്വപ്നം പോലെയാണ് തോന്നുന്നതെന്നും സഞ്ജു വ്യക്തമാക്കി. തനിക്ക് ആദ്യ മത്സരങ്ങളില്‍ അവസരം ലഭിച്ചില്ലെങ്കിലും സീനിയര്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, ഷെയിന്‍ വാട്സണ്‍, ബ്രാഡ് ഹോഡ്ജ് എന്നിവരുമായി സംസാരിക്കുവാനും അടുത്തിടപഴകുവാനും തനിക്ക് സാധിച്ചുവെന്നും സഞ്ജു പറഞ്ഞു.

രാഹുല്‍ ദ്രാവിഡുമായി താന്‍ ഇന്നും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും എന്തെങ്കിലും സഹായം ആവശ്യപ്പെട്ട് വിളിച്ചാല്‍ യാതൊരു മടിയുമില്ലാതെ ഇന്ത്യന്‍ ഇതിഹാസം തന്നെ സഹായിക്കാറുണ്ടെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

Advertisement