സമ്മര്‍ദ്ദത്തില്‍ അടിപ്പെടാതെ സൈനി, 19ാം ഓവറില്‍ മൂന്ന് റണ്‍സ് വിട്ട് നല്‍കി പുറത്താക്കിയത് രണ്ട് താരങ്ങളെ

- Advertisement -

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയപ്പോള്‍ ഏറെ നിര്‍ണ്ണായകമായ ബൗളിംഗ് പ്രകടനവുമായി നവ്ദീപ് സൈനി. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 202 റണ്‍സ് നേടിയപ്പോള്‍ പൊരുതി നിന്ന് നിക്കോളസ് പൂരനും ഡേവിഡ് മില്ലറും ലക്ഷ്യം അവസാന രണ്ടോവറില്‍ 30 റണ്‍സെന്ന നിലയില്‍ പഞ്ചാബിനെ എത്തിയ്ക്കുകയായിരുന്നു.

ഇന്ന് ടി20യുടെ കാലത്ത് രണ്ടോവറില്‍ 30 റണ്‍സ് അത്ര വലിയ സ്കോറായിരുന്നില്ല. കൂടാതെ ക്രീസില്‍ നില്‍ക്കുന്നത് സിക്സറുകള്‍ നേടി കളം നിറഞ്ഞ് നില്‍ക്കുന്ന നിക്കോളസ് പൂരനും ടി20യില്‍ കില്ലര്‍ മില്ലറെന്ന് പേര് സ്ഥാപിച്ചിട്ടുള്ള ഡേവിഡ് മില്ലറും. എന്നാല്‍ നവ്ദീപ് സൈനി എറിഞ്ഞ 19ാം ഓവര്‍ അവസാനിക്കുമ്പോള്‍ ഇരു താരങ്ങളും പുറത്താകുക മാത്രമല്ല ഓവറില്‍ നിന്ന് വെറും 3 റണ്‍സ് മാത്രമാണ് താരം വിട്ട് നല്‍കിയത്.

അവസാന ഓവര്‍ എറിഞ്ഞ ഉമേഷിനു 27 റണ്‍സെന്ന താരതമ്യേന സുരക്ഷിതമായ ലക്ഷ്യം പ്രതിരോധിക്കാനായിരുന്നു പന്തെറിയേണ്ടത്. 17 റണ്‍സിന്റെ വിജയം ആര്‍സിബി കുറിയ്ക്കുമ്പോള്‍ സ്മരിക്കേണ്ടത് സൈനിയുടെ ഈ തകര്‍പ്പന്‍ 19ാം ഓവര്‍ പ്രകടനമായിരുന്നു.

Advertisement