ജയ്ദേവ് ഉനഡ്കട് ഉള്‍പ്പെടെ 11 താരങ്ങള്‍, കാഴ്ചയില്‍ സന്തുലിതമായ ടീമെന്ന് തോന്നിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎല്‍ ലേലത്തില്‍ ഏറ്റവും അധികം താരങ്ങളെ വാങ്ങിയത് രാജസ്ഥാന്‍ റോയല്‍സ് ആണ്. 11 താരങ്ങളെയാണ് ലേലത്തില്‍ ടീം സ്വന്തമാക്കിയത്. 14.95 കോടി രൂപ ഇപ്പോളും ലേലത്തിന് ശേഷം ടീമിന്റെ കൈവശമുണ്ടെന്നത് വളരെ കൃത്യതയോടെയുള്ള വാങ്ങലുകളാണ് ടീം നടത്തിയതെന്ന് തന്നെ വേണം.

നിലവില്‍ ഇംഗ്ലണ്ട് താരങ്ങളാല്‍ സമ്പുഷ്ടമായ ടീമില്‍ ബാറ്റിംഗിന് കരുത്തേകുവാനായി റോബിന്‍ ഉത്തപ്പ, യശസ്വി ജൈസ്വാല്‍, അനുജ് റാവത്ത് എന്നിവരെ സ്വന്തമാക്കിയ ടീം ഏറ്റവും അധികം ശ്രദ്ധ ചെലുത്തിയത് തങ്ങളുടെ പേസ് ബൗളിംഗ് നിരയെ ശക്തിപ്പെടുത്തുവാനായാണ്. മുന്‍ നായകന്‍ അജിങ്ക്യ രഹാനെയുടെ നഷ്ടം നികത്തുകയെന്നതാവും റോബിന്‍ ഉത്തപ്പയുടെ പ്രധാന ദൗത്യം. ടോപ് ഓര്‍ഡറില്‍ ഉത്തപ്പയെയോ സഞ്ജു സാംസണെയോ ടീം ഓപ്പണറായി പരിഗണിച്ചേക്കും.

മുമ്പ് രണ്ട് തവണയും പൊന്നും വില കൊടുത്ത് നേടിയ ജയ്ദേവ് ഉനഡ്കടിനെ 3 കോടി രൂപയ്ക്ക് നേടിയ ഫ്രാഞ്ചൈസി വിദേശ പേസര്‍മാരായ ആന്‍ഡ്രൂ ടൈ, ടോം കറന്‍ എന്നിവരെ ജോഫ്ര ആര്‍ച്ചറിന് കൂട്ടായി ടീമില്‍ എത്തിച്ചിട്ടുണ്ട്. ഇത് കൂടാതെ യുവ താരങ്ങളായ കാര്‍ത്തിക് ത്യാഗിയെയും അകാശ് സിംഗിനെയും തങ്ങളുടെ പേസ് ബൗളിംഗ് സംഘത്തിലേക്ക് ടീം എത്തിച്ചിട്ടുണ്ട്.

19 വയസ്സുകാരന്‍ ത്യാഗിയ്ക്ക് 1.3 കോടി രൂപ വില നല്‍കിയാണ് ടീമിലെത്തിച്ചത്. റോബിന്‍ ഉത്തപ്പയ്ക്ക് 3 കോടിയും യശസ്വി ജൈസ്വാലിന് 2.4 കോടി രൂപയും ലഭിച്ചു. ഇവരില്‍ ആര്‍ക്കെല്ലാം അന്തിമ ഇലവനില്‍ സ്ഥാനം ഉറപ്പിക്കാനാകുമന്ന് ഇപ്പോള്‍ പറയാനാകില്ലെെങ്കിലും പൊതുവേ യുവതാരങ്ങളെ പിന്തുണയ്ക്കുന്ന രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ ഈ താരങ്ങള്‍ക്ക് ശോഭിയ്ക്കുവാനുള്ള അവസരം തീര്‍ച്ചയായും ലഭിക്കുമെെന്ന് ഉറപ്പാണ്.