ഐപിഎല്‍ ഈ വര്‍ഷം നടക്കുമെന്ന് വിശ്വസിക്കുന്നു, സെപ്റ്റംബര്‍-നവംബര്‍ സമയത്ത് നടക്കുവാന്‍ സാധ്യത

ഐപിഎല്‍ 2020 സീസണ്‍ നടക്കുമെന്നാണ് ടീമിന്റെ തികഞ്ഞ വിശ്വാസമെന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജേക്ക് ലഷ് മക്രം. ഐപിഎലിന്റെ സ്ഥിരം ജാലകത്തില്‍ കൊറോണ മൂലം ടൂര്‍ണ്ണമെന്റ് നടന്നില്ലെങ്കിലും ഈ വര്‍ഷം തന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ജേക്ക് വ്യക്തമാക്കി. മാര്‍ച്ച് 29ന് ആരംഭിക്കുവാനിരുന്ന ഐപിഎല്‍ ഇന്ത്യയിലെ ലോക്ക്ഡൗണ്‍ സാഹചര്യം മൂലം അനിശ്ചിത കാലത്തേക്ക് മാറ്റി വയ്ക്കുവാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സിന്റെ സൂം ആപ്പിലെ റോയല്‍സ് ഫാന്‍സ് മീറ്റില്‍ സംസാരിക്കുമ്പോളാണ് ജേക്ക് ലഷ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച പ്രകാരം സെപ്റ്റംബര്‍-നവംബര്‍ കാലത്ത് ലോകകപ്പിന് പകരം ഐപിഎല്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ജേക്ക് പറഞ്ഞു.

ചര്‍ച്ചകള്‍ അത്തരത്തിലാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ഒന്നും വ്യക്തമായിട്ടില്ല. താന്‍ ഇത്തരം സാഹചര്യം തരണം ചെയ്യുവാന്‍ ബിസിസിഐയ്ക്ക് ആവുമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണെന്ന് ജേക്ക് പറഞ്ഞു. 2009ല്‍ വളരെ ചുരുങ്ങിയ സമയത്ത് ദക്ഷിണാഫ്രിക്കയില്‍ ഐപിഎല്‍ നടത്തുവാന്‍ ബിസിസഐയ്ക്ക് സാധിച്ചിരുന്നു അതിനാല്‍ തന്നെ വേഗത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ പ്രാപ്തരായ സംഘടനയാണ് ബിസിസിഐയെന്നും ഐപിഎല്‍ ഈ വര്‍ഷം തന്നെ നടക്കുമെന്നുമാണ് താന്‍ വിശ്വസിക്കുന്നതെന്ന് രാജസ്ഥാന്‍ റോയല്‍സ് സിഒഒ വ്യക്തമാക്കി.