കൊടുംകാറ്റായി തെവാത്തിയ – പരാഗ് കൂട്ടുകെട്ട്, രാജസ്ഥാൻ റോയൽസിന് അത്ഭുത ജയം

Rahul Tewatia Riyan Paraga Ipl Rajasthan Royals
Photo: Twitter/IPL
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ജയം. ഒരു ഘട്ടത്തിൽ മത്സരത്തിൽ പരാജയം നേരിൽ കണ്ട രാജസ്ഥാൻ റോയൽസിനെ രാഹുൽ തെവാത്തിയ – റിയാൻ പരാഗ് കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്. 5 വിക്കറ്റിനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ ജയം. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ പടുത്തുയർത്തിയ 85 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തിൽ നിർണായകമായത്. തുടർച്ചയായ നാല് മത്സരങ്ങൾ തോറ്റ രാജസ്ഥാൻ റോയൽസിന് ഇന്നത്തെ ജയം ആശ്വാസം നൽകും.

രാജസ്ഥാൻ റോയൽസ് ആഗ്രഹിച്ച തുടക്കമല്ല അവർക്ക് ലഭിച്ചത്. 26 റൺസ് എടുക്കുന്നതിനിടെ മൂന്ന് മുൻ നിര ബാറ്സ്മാന്മാരുടെ വിക്കറ്റുകളാണ് രാജസ്ഥാൻ റോയൽസിന് നഷ്ടമായത്. ഈ ഐ.പി.എല്ലിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ബെൻ സ്റ്റോക്സ് 5 റൺസ് എടുത്ത് ഖലീൽ അഹമ്മദിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. ബട്ലർ 16 റൺസ് എടുത്തും ക്യാപ്റ്റൻ സ്മിത്ത് 5 റൺസുമെടുത്താണ് പുറത്തായത്.

തുടർന്ന് വന്ന സഞ്ജു സാംസണും റോബിൻ ഉത്തപ്പയും രാജസ്ഥാൻ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും 26 റൺസ് എടുത്ത സഞ്ജു സാംസണും 18 റൺസ് റൺസ് എടുത്ത ഉത്തപ്പയും 100 റൺസ് തികയുന്നതിന് മുൻപ് പുറത്തായതോടെ രാജസ്ഥാൻ റോയൽസ് വീണ്ടും പ്രതിസന്ധിയിലാവുകയായിരുന്നു. തുടർന്നാണ് രാജസ്ഥാന് ജയം നൽകിയ തെവാത്തിയ – പരാഗ് കൂട്ടുകെട്ട് പിറന്നത്. 5 വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് എടുത്ത് തോൽവിയെ മുൻപിൽ കണ്ട സമയത്താണ് ഇരു താരങ്ങളും മികച്ച കൂട്ടുകെട്ടുമായി രാജസ്ഥാൻ സ്കോർ ഉയർത്തിയത്. റിയാൻ പരാഗ് 26 പന്തിൽ 42 റൺസും രാഹുൽ തെവാത്തിയ 28 പന്തിൽ 45 റൺസുമെടുത്ത് പുറത്താവാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് 4 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് എടുത്തത്. 48 റൺസ് എടുത്ത ഡേവിഡ് വാർണറും 54 റൺസ് എടുത്ത മനീഷ് പാണ്ഡെ യുമാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തത്.

Advertisement