പഞ്ചാബ് ഒരു ടീമെന്ന നിലയില്‍ പതിയെ സെറ്റായി വരുന്നു – ലോകേഷ് രാഹുല്‍

Gaylerahul

ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ ക്യാപ്റ്റന്റെ ഇന്നിംഗ്സ് ആണ് കെഎല്‍ രാഹുല്‍ നേടിയത്. ചെറിയ സ്കോറായിരുന്നുവെങ്കിലും ചെന്നൈയിലെ വിഷമകരമായ പിച്ചില്‍ തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കാനായി മുഴുവന്‍ ഓവറുകളും ബാറ്റ് ചെയ്യുവാന്‍ രാഹുലിന് സാധിച്ചപ്പോള്‍ പഞ്ചാബ് 9 വിക്കറ്റ് വിജയം ആണ് കരസ്ഥമാക്കിയത്.

തന്റെ ടീമിന് പ്ലേ ഓഫ് എന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഓരോ മത്സരത്തെയും മാത്രം സമീപിക്കുന്ന രീതിയാണ് ടീം അവലംബിക്കുന്നതെന്നും പറഞ്ഞ പഞ്ചാബ് കിംഗ്സ് നായകന്‍ ടീം ഇപ്പോളാണ് പതിയെ സെറ്റായി വരുന്നതെന്ന് പറഞ്ഞു. ഓരോ വര്‍ഷവും പഞ്ചാബ് ഒരു പുതിയ താരത്തെ കണ്ടെത്തുന്നുണ്ടെന്നും ടീം ഒരു യുവ ടീമാണെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

ദീപക് ഹൂഡയും ഷാരൂഖ് ഖാനുമെല്ലാം തങ്ങള്‍ക്ക് ലഭിയ്ക്കുന്ന അവസരം മുതലാക്കുകയാണെന്നും ഇന്നലത്തെ മത്സരത്തില്‍ രവി ബിഷ്ണോയി തനിക്ക് ലഭിച്ച അവസരം മുതലാക്കി ടീമിന് വേണ്ടി മികവ് പുലര്‍ത്തിയെന്നും ഇനിയുള്ള മത്സരങ്ങളില്‍ നിന്നും ഇത് പോലെ രണ്ട് പോയിന്റ് വീതം ലഭിയ്ക്കുമെന്നുമാണ് പ്രതീക്ഷയെന്നും കെഎല്‍ രാഹുല്‍ അഭിപ്രായപ്പെട്ടു.