റണ്‍വേട്ടയില്‍ ആദ്യ മൂന്ന് സ്ഥാനക്കാരില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍മാര്‍, പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാര്‍

KL Rahul Mayank Agarwal
KL Rahul Mayank Agarwal
- Advertisement -

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി കിംഗ്സ് ഇലവന്‍ പഞ്ചാബ് തുടരുമ്പോളും ടീമിലെ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും മയാംഗ് അഗര്‍വാളും ഓറഞ്ച് ക്യാപ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുണ്ട്. 6 മത്സരങ്ങളില്‍ നിന്ന് 313 റണ്‍സുമായി ഓറഞ്ച് ക്യാപിന് ഉടമ ടീം ക്യാപ്റ്റന്‍ ലോകേഷ് രാഹുലാണ്. ഒരു ശതകവും രണ്ട് അര്‍ദ്ധ ശതകവും നേടിയ താരം ഈ സീസണില്‍ പുറത്താകാതെ നേടിയ 132 റണ്‍സാണ് ഉയര്‍ന്ന സ്കോറായി നില്‍ക്കുന്നത്.

മയാംഗ് അഗര്‍വാല്‍ ആകട്ടെ 281 റണ്‍സാണ് ആറ് ഇന്നിംഗ്സില്‍ നിന്ന് നേടിയത്. ഇന്നലെ മികച്ച ഫോമിലുള്ള താരം റണ്ണൗട്ടായാണ് പുറത്തായത്. 106 റണ്‍സ് ആണ് താരത്തിന്റെ ഉയര്‍ന്ന സ്കോര്‍. ഒരു ശതകവും ഒരു അര്‍ദ്ധ ശതകവുമാണ് താരത്തിന്റെ ടൂര്‍ണ്ണമെന്റിലെ സംഭാവന. മയാംഗിന് മുന്നിലുള്ളത് 299 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയാണ്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള ആദ്യ മത്സരത്തില്‍ വിജയം കൈപ്പിടിയിലായെന്ന കരുതിയ നിമിഷത്തില്‍ നിന്ന് സൂപ്പര്‍ ഓവറില്‍ തോല്‍വിയേറ്റ് വാങ്ങിയ ശേഷം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മാത്രമാണ് ടീമിന് ഇതുവരെ ജയിക്കുവാനായത്. അന്ന് 132 റണ്‍സ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ലോകേഷ് രാഹുലിന്റെ പ്രകടനമാണ് ടീമിന് തുണയായത്.

പിന്നീട് രാജസ്ഥാന്‍ റോയല്‍സിനെതിരെ രാഹുല്‍ തെവാത്തിയ ഇന്നിംഗ്സില്‍ കാലിടറിയ പഞ്ചാബിന് മുംബൈ ഇന്ത്യന്‍സിനോട് 48 റണ്‍സ് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നപ്പോള്‍ ചെന്നൈ പഞ്ചാബിനെതിരെ 10 വിക്കറ്റ് വിജയമാണ് നേടിയത്. ഇന്നലെ നടന്ന മത്സരത്തില്‍ 69 റണ്‍സിന്റെ കനത്ത പരാജയമാണ് ടീം സണ്‍റൈസേഴ്സിനെതിരെ നേരിടേണ്ടി വന്നത്.

മധ്യനിരയുടെ ഫോമില്ലായ്മയും ഡെത്ത് ബൗളിംഗുമാണ് ഈ സീസണില്‍ ടീമിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. തങ്ങളുടെ ശരിയായ കോമ്പിനേഷന്‍ കണ്ടെത്തുവാനാകാതെ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഒട്ടനവധി മാറ്റങ്ങളാണ് ഓരോ മത്സരങ്ങളിലും വരുത്തുന്നത്.

Advertisement