ജോഷ് ഫിലിപ്പ് കളിക്കുന്നത് കാണുമ്പോള്‍ തന്റെ ചെറുപ്പകാലത്തെ ഓര്‍മ്മിപ്പിക്കുന്നു – എബി ഡി വില്ലിയേഴ്സ്

23 വയസ്സുകാരന്‍ ജോഷ് ഫിലിപ്പിന്റെ ബാറ്റിംഗ് ശൈലിയെ പ്രശംസിച്ച് സൂപ്പര്‍ താരം എബി ഡി വില്ലിയേഴ്സ്. താന്‍ ചെറുപ്പകാലത്ത് കളിച്ചിരുന്നതുമായി ഏറെ സാമ്യം ജോഷ് ഫിലിപ്പിന്റെ ബാറ്റിംഗ് കാണുമ്പോള്‍ തനിക്ക് തോന്നാറുണ്ടെന്ന് എബിഡി അഭിപ്രായപ്പെട്ടു. 2019 ബിഗ് ബാഷില്‍ സിഡ്നി സിക്സേഴ്സിനെ വിജയത്തിലേക്ക് നയിച്ചതില്‍ പ്രധാന റോള്‍ വഹിച്ച താരമാണ് ജോഷ് ഫിലിപ്പ്.

ഇത്തവണ ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ഈ 23 വയസ്സുകാരന്‍ താരത്തെ 20 ലക്ഷത്തിന്റെ അടിസ്ഥാന വിലയില്‍ സ്വന്തമാക്കിയത്. 32 മത്സരങ്ങളില്‍ നിന്ന് 798 റണ്‍സാണ് ജോഷ് ഫിലിപ്പ് ബിഗ് ബാഷില്‍ നേടിയത്. ‍ഡി വില്ലിയേഴ്സ് ബിഗ് ബാഷില്‍ ബ്രിസ്ബെയിന്‍ ഹീറ്റിന് വേണ്ടിയാണ് കളിച്ചിരുന്നത്.

താന്‍ ജോഷ് ഫിലിപ്പിനൊപ്പം കളിക്കുന്നതിനായി ഉറ്റുനോക്കുകയാണെന്നും ഇതിന്റെ പ്രത്യേക കാരണം തന്റെ ചെറുപ്പത്തിലേതിന് സമാനമായ താരത്തിന്റെ ബാറ്റിംഗ് ശൈലിയാണെന്നും എബി ഡി വില്ലിയേഴ്സ് വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ ഇതിഹാസ താരം ആഡം ഗില്‍ക്രിസ്റ്റ് താരത്തെക്കുറിച്ച് വളരെ മികച്ച അഭിപ്രായം പറയുന്നത് താന്‍ കേടിട്ടിട്ടുണ്ടെന്നും ന്യൂബോള്‍ നേരിടുവാന്‍ താരത്തിന് പ്രത്യേക കഴിവുണ്ടെന്നും എബി ഡി വില്ലിയേഴ്സ് സൂചിപ്പിച്ചു. ഫിലിപ്പിനൊപ്പം ആര്‍സിബിയില്‍ ഓസ്ട്രേലിയന്‍ താരങ്ങളായ ആരോണ്‍ ഫിഞ്ച്, ആഡം സംപ എന്നിവരുള്ളതും താരത്തിന് മികച്ച അനുഭവമാകുമെന്നാണ് കരുതപ്പെടുന്നത്.

ശക്തമായ വിദേശ സാന്നിദ്ധ്യം അടങ്ങിയ ആര്‍സിബി നിരയില്‍ താരത്തിന് അവസരം ലഭിയ്ക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ടോപ് ഓര്‍ഡറില്‍ ആരോണ്‍ ഫിഞ്ചും എബിഡിയും ഉള്ളതിനാല്‍ തന്നെ മൂന്നാമത്തെ ബാറ്റിംഗ് വിദേശ താരമായി താരത്തിന് അവസരം ലഭിയ്ക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്.

Previous articleനാരായൺ ദാസ് ഈസ്റ്റ് ബംഗാളിലേക്ക്
Next articleഐ.പി.എൽ ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ മുംബൈക്കാണ് മുൻതൂക്കം : ഗംഭീർ