ചെന്നൈയ്ക്കിത് നിസ്സാരം, ആര്‍സിബിയെ മറികടന്ന് വീണ്ടും ഒന്നാം സ്ഥാനത്തേക്ക്

Sports Correspondent

ആര്‍സിബിയ്ക്കെതിരെ ശക്തമായ ബൗളിംഗ് പ്രകടനം നടത്തി എതിരാളികളെ 156 റൺസിലൊതുക്കിയ ശേഷം 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആര്‍സിബിയെ പോലെ മിന്നും തുടക്കം ചെന്നൈയ്ക്കും ലഭിച്ചുവെങ്കിലും കൂട്ടുകെട്ടുകള്‍ തകര്‍ക്കുവാന്‍ ആര്‍സിബിയ്ക്ക് സാധിച്ചു. എന്നാൽ ചെന്നൈയുടെ വിജയം അധിക നേരം വൈകിപ്പിക്കുവാന്‍ ടീമിന് സാധിക്കാതെ വന്നപ്പോള്‍ ലക്ഷ്യം 11 പന്ത് അവശേഷിക്കെ ധോണിയും സംഘവും മറികടന്നു.

ഒന്നാം വിക്കറ്റിൽ റുതുരാജ് ഗായ്ക്വാഡും ഫാഫ് ഡു പ്ലെസിയും 71 റൺസ് നേടിയെങ്കിലും അടുത്തടുത്ത ഓവറുകളിൽ ഇരുവരും വീഴുകയായിരുന്നു. 26 പന്തിൽ 38 റൺസ് നേടിയ റുതുരാജിനെ ചഹാലിന്റെ പന്തിൽ വിരാട് കോഹ്‍ലി ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ ഫാഫിനെ (31) പാര്‍ട്ട് ടൈം ബൗളര്‍ ഫാഫ് ഡു പ്ലെസി പുറത്താക്കി.

ഇരുവരും പുറത്തായ ശേഷം എത്തിയ മോയിന്‍ അലിയും(23) അമ്പാട്ടി റായിഡുവും(32) വലിയ സ്കോര്‍ നേടിയില്ലെങ്കിലും ആര്‍സിബി ബൗളര്‍മാര്‍ക്ക് പിടിമുറുക്കുവാന്‍ അവസരം നല്‍കിയില്ല.

ഇരുവരെയും ഹര്‍ഷൽ പട്ടേൽ പുറത്താക്കിയെങ്കിലും സുരേഷ് റെയ്‍നയും ധോണിയും ടീമിന്റെ ജയം ഉറപ്പാക്കുകയായിരുന്നു. 24 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. സുരേഷ് റെയ്ന 17 റൺസും ധോണി 11 റൺസും നേടി അപരാജിതരായി ക്രീസിൽ നിന്നു.