ധോണിയുടെ ഒറ്റയാൾ പോരാട്ടം പാഴായി, ലാസ്റ്റ് ബോൾ ത്രില്ലറിൽ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേശോജ്വലമായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മഹേന്ദ്ര സിംഗ് ധോണിയുടെ ഒറ്റയാൾ പോരാട്ടത്തിന് ചെന്നൈ സൂപ്പർ കിംഗ്സിനെ രക്ഷിക്കാനായില്ല. അവസാന പന്തിൽ ഒരു റൺസിനാണ് ബാംഗ്ലൂർ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഏഴുവിക്കറ്റ് നഷ്ടത്തിൽ 161 നേടിയപ്പോൾ രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടാനേ സാധിച്ചുള്ളൂ.

ചെന്നൈയുടെ നിരയിൽ മൂന്നക്കം കണ്ടത് മൂന്നു താരങ്ങൾ മാത്രമായിരുന്നു. ധോണിക്ക് പുറമെ റായിഡു, ജഡേജ എന്നിവരും പൊരുതി. ഷെയിൻ വാട്ട്സൺ, ഡുപ്ലെസിസ്, ബ്രാവോ എന്നിവർ 5 റൺസ് വീതമെടുത്ത് പുറത്തായപ്പോൾ സുരേഷ് റെയ്നയെ ആദ്യ പന്തിൽ തന്നെ സ്റ്റെയിൻ പുറത്താക്കി. മാച്ചിന്റെ അവസാന പന്തിൽ ശർഡുൾ താക്കൂർ റൺഔട്ടായി.

കയ്യെത്തി പിടിക്കാമായിരുന്ന ടോട്ടലാണ് സിഎസ്കെ ഇന്ന് നഷ്ടമാക്കിയത്. ബാംഗ്ലൂർ ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ജയം കൊഹ്‍ലിയെയും സംഘത്തിനെയും തുണച്ചു. അവസാന ഓവറിഞ്ഞ ഉമേഷ് യാദവിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഉമേഷ് യാദവ് ടെയിൽ സ്റ്റെയിൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ചാഹലും നവദീപ് സൈനിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 161 നേടി. ബാംഗ്ലൂർ നിരയിൽ പൊരുതി നില്ക്കാൻ ശ്രമിച്ചത് പാർഥിവ് പട്ടേൽ(53) മാത്രമാണ്. ടോസ് നേടി ആർസിബിയെ ബാറ്റിങിനയച്ച ചെന്നൈ തന്ത്രം ഫലിച്ചെന്നു വേണം കരുതാൻ. 9 റണ്‍സിനു ആർസിബി ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയെ പറഞ്ഞയക്കാൻ ചെന്നൈക്ക് സാധിച്ചു. മൊയീന്‍ അലി (26), എബിഡി (25), അക്ഷദീപ് നാഥ് (24) എന്നിവരാണ് ചെറുത്ത് നില്പിനായെങ്കിലും ശ്രമിച്ചത്. ദീപക് ചഹാറും ജഡേജയും ബ്രാവോയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഇമ്രാൻ താഹിർ ഒരു വിക്കറ്റും നേടി.

Advertisement