ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ക്രിസ് വോക്സിന് പകരക്കാരനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ആൻറിക് നോർക്കിയയെയാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് 1.5 കോടി രൂപ കൊടുത്ത് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ ക്രിസ് വോക്സ് ഐ.പി.എല്ലിൽ നിന്ന് പിന്മാറിയത്.
തുടർന്നാണ് ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളറെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്ന ആൻറിക് നോർക്കിയക്ക് പരിക്ക് മൂലം ഐ.പി.എല്ലിൽ കളിയ്ക്കാൻ സാധിച്ചിരുന്നില്ല . 2019ൽ ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിലാണ് ആൻറിക് നോർക്കിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്. 2020ലെ പുതുമുഖ ക്രിക്കറ്റ് താരത്തിനുള്ള ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ അവാർഡും താരം സ്വന്തമാക്കിയിരുന്നു.













