നോട്ടിംഗാമിലെ ആദ്യ ഏകദിനത്തില്‍ പങ്കെടുക്കാതിരുന്ന അലക്സ് ഹെയില്‍സ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും പങ്കെടുക്കുകയില്ലെന്നറിയിച്ച് ഇംഗ്ലണ്ട്. ഇന്നലെ നടന്ന ആദ്യ ഏകദിനത്തിനു മുമ്പ് നടന്ന പരിശീലന സെഷനിടെയാണ് താരത്തിനു പരിക്കേറ്റത്. ബെന്‍ സ്റ്റോക്സ് പൂര്‍ണ്ണാരോഗ്യവാനായി മടങ്ങിയെത്തിയതോടെ ആദ്യ ഏകദിനത്തില്‍ ഹെയില്‍സ് കളിക്കില്ലെന്ന് ഓയിന്‍ മോര്‍ഗന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുല്‍ദീപ് യാദവ് ഇംഗ്ലണ്ട് മധ്യനിരയെ തകര്‍ത്തെറിഞ്ഞപ്പോള്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ അലക്സ് ഹെയില്‍സിനു സാധ്യത തെളിഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ പരിക്ക് താരത്തെ പരമ്പരയില്‍ നിന്ന് തന്നെ പുറത്താക്കുകയായിരുന്നു.
മികച്ച ഫോമിലുള്ള അലക്സ് ഹെയില്‍സ് അടുത്തിടെ ഓസ്ട്രേലിയയ്ക്കെതിരെ 147 റണ്‍സ് നേടിയിരുന്നു. ഹെയില്‍സിനു പകരക്കാരനെ പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളു. ടീമില്‍ റിസര്‍വ്വ് ആയി ഇടം പിടിച്ച ദാവീദ് മലന്‍ ടീമിനൊപ്പം ശേഷിക്കുന്ന മത്സരങ്ങളിലും തുടരും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
