വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ സ്റ്റേഡിയത്തിൽ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമിന് എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ടോസ് നേടി പന്തെറിയാൻ തീരുമാനിച്ച ഇന്ത്യ സന്ദർശകരെ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസിലൊതുക്കി.

തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ജെമിമ റോഡ്രിഗസിന്റെ തകർപ്പൻ അർദ്ധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
ശ്രീലങ്കയ്ക്ക് വേണ്ടി വിഷ്മി ഗുണരത്‌ന (39), ഹർഷിത മാദവി (21) എന്നിവർ പൊരുതിയെങ്കിലും ഇന്ത്യൻ ബൗളിംഗ് നിരയുടെ കൃത്യതയും മൂന്ന് റൺ ഔട്ടുകൾ ഉൾപ്പെടെയുള്ള മികച്ച ഫീൽഡിംഗും അവരെ ചെറിയ സ്കോറിൽ തളച്ചിട്ടു. ഇന്ത്യയ്ക്കായി ദീപ്തി ശർമ്മ, ക്രാന്തി ഗൗഡ്, ശ്രീ ചരണി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ഇന്നിംഗ്‌സിൽ ഷഫാലി വർമ്മയെയും (9) സ്മൃതി മന്ദാനയെയും (25) നേരത്തെ നഷ്ടമായെങ്കിലും ജെമിമ റോഡ്രിഗസ് ആക്രമിച്ചു കളിച്ചതോടെ കളി ഇന്ത്യയുടെ വരുതിയിലായി. 44 പന്തിൽ നിന്ന് 10 ഫോറുകളടക്കം 69 റൺസുമായി ജെമിമ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (15*) ജെമിമയ്ക്ക് മികച്ച പിന്തുണ നൽകി.









